ജനങ്ങളെ ഭിന്നിപ്പിക്കുന്ന കേന്ദ്രസർക്കാരിനെ തകർക്കാൻ തൊഴിലാളികളുടെയും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ഐക്യത്തിനേ കഴിയൂ എന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് ഡോ. കെ ഹേമലത പറഞ്ഞു. ജീവിതസാഹചര്യങ്ങളും ഐക്യവും ഇല്ലാതാക്കിയ കേന്ദ്രസർക്കാരിനെ സഹിക്കാൻ തയ്യാറല്ലെന്ന് നാം ജനങ്ങളോട് പറയണം. രാഷ്ട്രീയനേട്ടത്തിനായി നാടിനെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് ശ്രമം തൊഴിലാളികൾ അനുവദിക്കില്ലെന്ന സന്ദേശം പങ്കുവയ്ക്കണം.
കേന്ദ്രത്തിലെ ബിജെപി സർക്കാരും അവരെ നയിക്കുന്ന ആർഎസ്എസും തൊഴിലാളികളെയും ജനങ്ങളെയും മതത്തിന്റെയും ഭാഷയുടെയും ജാതിയുടെയും പേരിൽ വിഭജിക്കാൻ ശ്രമിക്കുന്നു. ഈ ഘട്ടത്തിൽ ജനങ്ങളാകെ ഒന്നിച്ചുനിന്ന് ജനപക്ഷ തൊഴിലാളിപക്ഷ ബദലിനായി പോരാടണം. തൊഴിലാളിവർഗത്തെ ഒന്നിച്ചുനിർത്താനുള്ള പ്രവർത്തനങ്ങളിലാണ് സിഐടിയു എന്നും അവർ പറഞ്ഞു.