കോഴിക്കോട്
തൊഴിലാളി പോരാട്ടങ്ങളുടെ വീരസ്മരണകളുടെ മണ്ണിൽ പുതുകാലത്തിന്റെ രണഭേരി മുഴങ്ങി. ചരിത്രനഗരിയിൽ തൊഴിലാളി മുന്നേറ്റത്തിന്റെ ചെങ്കടലേറ്റം. സിഐടിയു സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് എം വാസു നഗറിൽ (കടപ്പുറം) നടന്ന മഹാറാലിയിൽ രണ്ടുലക്ഷത്തിലധികംപേർ അണിനിരന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഉച്ചമുതൽ പൊതുസമ്മേളന നഗരിയിലേക്ക് വൻ ഒഴുക്കായിരുന്നു. ബാൻഡ് വാദ്യവും പഞ്ചാരിമേളവുമായി ചെറു പ്രകടനങ്ങളായാണ് തൊഴിലാളികളും കുടുംബങ്ങളും റാലിയുടെ ഭാഗമായത്. നാടൻ കലാരൂപങ്ങളും തെയ്യവും മാറ്റുകൂട്ടി. വർഗബഹുജന സംഘടനകൾ അഭിവാദ്യവുമായി പാതയോരത്ത് സമരസഖാക്കളെ വരവേറ്റു. വൈകിട്ട് നാലരയോടെ പ്രതിനിധികൾ ടാഗോർ ഹാളിൽനിന്ന് പ്രകടനമായി നീങ്ങി. അതിനുപിന്നിൽ വിവിധ ട്രേഡ് യൂണിയനുകൾക്കുകീഴിൽ തൊഴിലാളികളുടെ പടയണിയും. മുദ്രാവാക്യവും വിപ്ലവഗാനങ്ങളുമായി കടപ്പുറം സംഘശക്തിയുടെ വിളംബരമായി. വേദിയിൽ അലോഷി വിപ്ലവഗാനങ്ങൾ പാടിത്തുടങ്ങിയപ്പോൾ ചെമ്പതാകവീശി ജനം താളംപിടിച്ചു.
പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ, പ്രസിഡന്റ് ഡോ. കെ ഹേമലത, വൈസ് പ്രസിഡന്റ് എ കെ പത്മനാഭൻ, സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി, ടി പി രാമകൃഷ്ണൻ എംഎൽഎ, മേയർ ഡോ. ബീന ഫിലിപ്പ് എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ പി കെ മുകുന്ദൻ സ്വാഗതം പറഞ്ഞു.
പ്രതിനിധി സമ്മേളന ചർച്ചയിൽ 61 പേർ പങ്കെടുത്തു. ജനറൽ സെക്രട്ടറി എളമരം കരീം എംപി മറുപടി പറഞ്ഞു. അഖിലേന്ത്യാ പ്രസിഡന്റ് ഡോ. കെ ഹേമലത അഭിവാദ്യംചെയ്തു. ഭാരവാഹി, സംസ്ഥാന കമ്മിറ്റി, അഖിലേന്ത്യാ സമ്മേളന പ്രതിനിധികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിച്ചു. എളമരം കരീം ഭാവി പ്രവർത്തനരേഖ അവതരിപ്പിച്ചു. ആനത്തലവട്ടം ആനന്ദൻ സമാപന പ്രസംഗം നടത്തി. മാമ്പറ്റ ശ്രീധരൻ നന്ദിപറഞ്ഞു. സമ്മേളന സുവനീർ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ കെ പത്മനാഭൻ പ്രകാശിപ്പിച്ചു.