ന്യൂഡൽഹി
ഇന്ത്യ– -ചൈന അതിർത്തിവിഷയത്തിൽ കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് രാജ്യസഭയിൽനിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ചർച്ച അനുവദിക്കാനോ വിവരങ്ങൾ അറിയാനുള്ള പാർലമെന്റ് അംഗങ്ങളുടെ അവകാശം മാനിക്കാനോ സർക്കാർ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന നോട്ടീസ് ക്രമപ്രകാരമല്ലെന്ന് അറിയിച്ച് അധ്യക്ഷൻ ജഗ്ദീപ് ധൻഖർ ചർച്ച ആവശ്യം നിരാകരിച്ചു. വിഷയത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നടത്തിയ പ്രസ്താവനയിന്മേൽ അംഗങ്ങൾ പ്രകടിപ്പിച്ച സംശയങ്ങൾക്ക് വിശദീകരണം കിട്ടണമെന്ന് സിപിഐ എം അംഗങ്ങൾ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ അതിർത്തിപരമായ പരമാധികാരം സംരക്ഷിക്കണം. അയൽരാജ്യങ്ങളുമായി സൗഹാർദം കാത്തുസൂക്ഷിക്കണം. രാജ്യാന്തരതലത്തിൽ ഇന്ത്യ ഒറ്റപ്പെടുന്ന സ്ഥിതി ഉണ്ടാകരുത്. വിഷയങ്ങൾ നയതന്ത്രതല ചർച്ച വഴി പരിഹരിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.