തിരുവനന്തപുരം
അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയി (കെടിയു)ലെ എംടെക് വിദ്യാർഥികളുടെ സർട്ടിഫിക്കറ്റിൽ ഒപ്പിടാതെ വൈസ് ചാൻസലർ ഇൻ ചാർജ് ഡോ. സിസ തോമസ്. കഴിഞ്ഞദിവസം ഒപ്പില്ലാത്ത സർട്ടിഫിക്കറ്റ് ലഭിച്ച വിദ്യാർഥി പരാതി നൽകി. വിസിയുടെയും ഓഫീസിന്റെയും പരിശോധനയ്ക്കുശേഷം രജിസ്റ്റേർഡായി അയച്ച ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റിലാണ് വീഴ്ചയുണ്ടായത്. സർട്ടിഫിക്കറ്റ് വിതരണത്തിൽ നിലവിലുണ്ടായിരുന്ന ഓട്ടോമാറ്റിക് പരിശോധനാ സിസ്റ്റം ഒഴിവാക്കിയതാണ് തെറ്റിന് കാരണം. കൂടുതൽ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് കൈകാര്യം ചെയ്യുന്നതിൽ പിഴവുണ്ടാകാതിരിക്കാനാണ് ഓട്ടോമാറ്റിക് സിസ്റ്റം സർവകലാശാല ഉപയോഗിക്കുന്നത്. വിസിയുടെ നിർദേശപ്രകാരമാണ് ഇതൊഴിവാക്കി നേരിട്ട് പരിശോധന ആരംഭിച്ചത്. ഇത് ഗുരുതര പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ഐടി വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ വിസിയെ രേഖാമൂലം അറിയിച്ചിരുന്നു.
സർട്ടിഫിക്കറ്റിന്റെ മുൻഭാഗത്തെ ഒപ്പാണ് ഇല്ലാത്തത്. സർട്ടിഫിക്കറ്റിന്റെ പിൻഭാഗംമാത്രം പരിശോധിച്ച് ഉറപ്പാക്കിയാതാകാം വീഴ്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. പരീക്ഷാവിഭാഗത്തിൽനിന്ന് എടുക്കുന്ന സർട്ടിഫിക്കറ്റുകൾ വിസി കണ്ട് ബോധ്യപ്പെട്ടിട്ടേ നൽകാവൂവെന്നാണ് സർവകലാശാല നിയമം. കൂടുതൽ സർട്ടിഫിക്കറ്റുകൾ വിതരണം നടത്തിയെന്ന് കാണിക്കാനുള്ള വിസിയുടെ ശ്രമത്തിന്റെ ഭാഗമായി സംഭവിച്ച പിഴവാകാം ഇത്. ഈ കാലയളവിലെ സർട്ടിഫിക്കറ്റുകളെല്ലാം പുനഃപരിശോധിക്കേണ്ടിവരും. സർവകലാശാല നടപടിക്രമങ്ങളെ മറികടന്നുള്ള പ്രവർത്തനം വ്യാജസർട്ടിഫിക്കറ്റ് ലോബിയുടെ ഇടപെടൽ ഉണ്ടാക്കിയോ എന്നത് അന്വേഷിക്കേണ്ടതാണെന്ന് സർവകലാശാല സിൻഡിക്കറ്റ് അറിയിച്ചു.