ന്യൂഡൽഹി
ഹിമാചലിൽ കോൺഗ്രസിലെ ഗ്രൂപ്പുപോരിന് താൽക്കാലിക വെടിനിർത്തലായെങ്കിലും ഹൈക്കമാൻഡ് ആശങ്കയിൽത്തന്നെയാണ്. ദീർഘനാൾ മുഖ്യമന്ത്രിയായിരുന്ന വീരഭന്ദ്ര സിങ്ങിന്റെ ഭാര്യയും പിസിസി പ്രസിഡന്റുമായ പ്രതിഭ സിങ്ങിന്റെ അനുയായികൾ കടുത്ത അതൃപ്തിയിലാണ് ഇപ്പോഴും. പുതിയ മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖുവാകട്ടെ സംസ്ഥാന കോൺഗ്രസിൽ വീരഭദ്ര സിങ്ങിന്റെ പ്രധാന എതിരാളിയായിരുന്നു.
പ്രതിഭ സിങ്ങിന്റെ മകൻ വിക്രമാദിത്യ സിങ്ങിനെ മന്ത്രിയാക്കി ഗ്രൂപ്പുപോര് കൂടുതൽ തണുപ്പിക്കാമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിഭ പങ്കെടുത്തെങ്കിലും അതൃപ്തി മുഖത്ത് പ്രകടമായിരുന്നു. ഹിമാചൽ തിരിച്ചുപിടിക്കുമെന്ന ഉറപ്പ് പാലിച്ചെന്നാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ രാഹുലിനെ കണ്ടപ്പോൾ പ്രതിഭ ആദ്യം പറഞ്ഞത്.
അതേസമയം, ഏറെ നാളായി സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്ന ആനന്ദ് ശർമ മുഖ്യമന്ത്രിയായി സുഖ്വീന്ദർ സുഖുവിനെ തീരുമാനിച്ചതിനു പിന്നാലെ സജീവമായി. സുഖുവിനെ തെരഞ്ഞെടുത്ത ഹൈക്കമാൻഡിനെയും ജി–-23 വിഭാഗക്കാരനായ ആനന്ദ് ശർമ അഭിനന്ദിച്ചു. ഇതെല്ലാം പ്രതിഭ സിങ് വിഭാഗത്തിന്റെ അമർഷത്തിന് കാരണമായിട്ടുണ്ട്.