ഹൈദരാബാദ്
വീര തെലങ്കാനയുടെ മണ്ണിൽ വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തിന്റെ 17––ാം അഖിലേന്ത്യ സമ്മേളനത്തിന് 13ന് തുടക്കമാകും. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ അസാധാരണ സാഹചര്യത്തിൽ ഒരു വർഷം വൈകിയാണ് എസ്എഫ്ഐ അഖിലേന്ത്യ സമ്മേളനം നടക്കുന്നത്. ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാലയിൽ മല്ലൂസ്വരാജ്യം നഗറിലെ അഭിമന്യു– ധീരജ്– അനീസ് ഖാൻ മഞ്ചാണ് (ടാഗോർ ഹാൾ) വേദി. ആന്ധ്രപ്രദേശിലെത്തിയ പതാക ജാഥ തിങ്കളാഴ്ച തെലങ്കാനയിൽ പ്രവേശിക്കും.
രണ്ടാം തവണയാണ് ഹൈദരാബാദ് എസ്എഫ്ഐ അഖിലേന്ത്യ സമ്മേളനത്തിന് വേദിയാകുന്നത്. തെലങ്കാന സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യവും. മുമ്പ് 2005ൽ 12––ാം സമ്മേളനം ഇവിടെ നടന്നു. ഇതോടെ, തിരുവനന്തപുരത്തിന് പുറമെ രണ്ടാം തവണ സമ്മേളനം നടക്കുന്ന രണ്ടാം നഗരമായി ഹൈദരാബാദ്. 1970ൽ പ്രഥമ സമ്മേളനവും 1993ൽ എട്ടാം സമ്മേളനവും തിരുവനന്തപുരത്തായിരുന്നു.
രാജ്യത്ത് ഉയർന്നുവന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുടെ നേതൃനിരയിലും സർവകലാശാല വിദ്യാർഥി യൂണിയനുകളുടെ ഭരണസാരഥ്യത്തിലും ശക്തമായ സാന്നിധ്യം ആവർത്തിച്ചുറപ്പിച്ചാണ് എസ്എഫ്ഐ പുതിയ സമ്മേളനത്തിലേക്ക് കടക്കുന്നത്. ഗുജറാത്തിൽ വലിയ വെല്ലുവിളികളെ അതിജീവിച്ച് ഈ സമ്മേളന കാലയളവിൽ 33 വർഷത്തിനുശേഷം 2022ൽ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു. 1989ലാണ് ഇതിനുമുമ്പ് ഗുജറാത്തിൽ സംസ്ഥാന സമ്മേളനം നടന്നത്. 2018 മുതൽ ഓർഗനൈസിങ് കമ്മിറ്റി പ്രവർത്തിച്ചിരുന്നു. കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയും വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങളുയർത്തിയും എസ്എഫ്ഐ നടത്തിയ പ്രതിഷേധങ്ങളെ ക്രൂരമായാണ് ഗുജറാത്ത് സർക്കാർ നേരിട്ടത്. ജമ്മു കശ്മീരിൽ എസ്എഫ്ഐയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ജെകെഎസ്എഫിന്റെ പ്രഥമ സംസ്ഥാന സമ്മേളനവും ഈവർഷം നടന്നു.
“എല്ലാവർക്കും വിദ്യാഭ്യാസം, എല്ലാവർക്കും തൊഴിൽ, എല്ലാവരെയും ഐക്യപ്പെടുത്തുക’ എന്ന മുദ്രാവാക്യമുയർത്തുന്ന സമ്മേളനം പുതിയ ദേശീയ വിദ്യാഭ്യാസ നയം അടക്കമുള്ള വിദ്യാഭ്യാസമേഖലയിലെ വെല്ലുവിളികളും ജനാധിപത്യവും ഭരണഘടനയും നേരിടുന്ന കടന്നാക്രമണങ്ങളും ചർച്ച ചെയ്യും. ഭാവി പ്രക്ഷോഭങ്ങൾ തീരുമാനിക്കുകയും പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുകയും ചെയ്യും.