കൊച്ചി
കൊച്ചി–-സേലം എൽപിജി പൈപ്പ്ലൈൻ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടൽ ജനുവരി അവസാനം പൂർത്തിയാകും. മഴ തടസ്സമായില്ലെങ്കിൽ ഫെബ്രുവരിയിൽ കമീഷനിങ് നടക്കും.
ഐഒസി–-ബിപിസിഎൽ സംയുക്ത പദ്ധതിയുടെ കേരളറീച്ചിൽ ഇനി പൈപ്പിടാനുള്ളത് 16 കിലോമീറ്റർമാത്രം. കൊച്ചി റിഫൈനറി–പാലക്കാട് സെക്ഷനിൽ ഏഴും പുതുവൈപ്പ്–-റിഫൈനറി സെക്ഷനിൽ ഒമ്പതു കിലോമീറ്ററുമാണിത്. 2019ൽ ആരംഭിച്ച പദ്ധതിക്ക് സ്ഥലംനൽകിയവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കിയതും സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ നടപടികൾ വേഗത്തിലാക്കിയതും എൽഡിഎഫ് സർക്കാർ ഇടപെട്ടതോടെയാണ്.
ഭൂഗർഭ പൈപ്പ് വഴി അമ്പലമുകൾ ബിപിസിഎൽ കൊച്ചി റിഫൈനറി, പുതുവൈപ്പ് ഇന്ത്യൻ ഓയിൽ എൽപിജി ഇംപോർട്ട് ടെർമിനൽ എന്നിവിടങ്ങളിൽനിന്ന് തമിഴ്നാട്ടിലേക്ക് എൽപിജി എത്തിക്കുന്ന പദ്ധതിയാണിത്. 1506 കോടി രൂപയാണ് ചെലവ്. കേരളത്തിലെ റീച്ച് പൂർത്തിയാകുന്നതോടെ പാലക്കാട്ടുവരെ പൈപ്പ്ലൈനിലൂടെ എൽപിജി എത്തും. കൊച്ചിൻ റിഫൈനറിമുതൽ ഉദയംപേരൂർ ഐഒസിഎൽവരെയുള്ള 12 കിലോമീറ്റർ പൈപ്പ്ലൈൻ കമീഷൻ ചെയ്തിട്ടുണ്ട്. ബാക്കിയുള്ള നിർമാണജോലികൾ 90 ശതമാനം പൂർത്തിയായി.
420 കിലോമീറ്റർ പൈപ്പ്ലൈനിൽ 210 കിലോമീറ്റർ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലൂടെയാണ് പോകുന്നത്. ബാക്കി തമിഴ്നാട്ടിലും.
വാളയാർമുതൽ സേലംവരെ പൈപ്പ്ലൈൻ സ്ഥാപിക്കാൻ തമിഴ്നാട് സർക്കാരിന്റെ അനുമതി ലഭിച്ചിരുന്നു. ഇതിന്റെ പ്രാരംഭ സർവേ പൂർത്തിയായി. 2023 ജൂണിൽ പൈപ്പിടൽ ആരംഭിക്കും. 2024 അവസാനം പദ്ധതി പൂർണമായി കമീഷൻ ചെയ്തേക്കും. ഇതോടെ കൊച്ചിയിൽനിന്ന് തമിഴ്നാട്ടിലേക്ക് ടാങ്കർലോറിയിൽ അല്ലാതെ എൽപിജി എത്തിക്കാനാകും. നൂറ്റമ്പതോളം ബുള്ളറ്റ് ടാങ്കറുകളുടെ ദിനംപ്രതിയുള്ള സർവീസ് ഒഴിവാക്കാനുമാകും.