ശബരിമല
തീർഥാടകർ വർധിച്ചതോടെ ശബരിമലയിൽ ദർശന സമയം ഒരുമണിക്കൂർ കൂടി നീട്ടി. പകൽ ഒന്നിന് നടയടയ്ക്കുന്നത് ഒന്നരക്കും രാത്രി 11ന് നടയടയ്ക്കുന്നത് 11.30നുമാക്കി. കൂടുതൽ തീർഥാടകർ എത്തുന്ന സാഹചര്യത്തിൽ മാത്രമാകും ക്രമീകരണം. മറ്റുസമയങ്ങളിൽ തൽസ്ഥിതി തുടരും. തിരക്കുകൂടുന്നതിനാൽ ദർശനസമയം ഒരുമണിക്കൂർ നീട്ടികൂടെയെന്ന് ഞായറാഴ്ച ചേർന്ന പ്രത്യേക സിറ്റിങിൽ ഹൈക്കോടതി ചോദിച്ചിരുന്നു. ഈ മണ്ഡലകാലത്ത് തന്നെ തിരക്കുകൂടിയഘട്ടത്തിൽ ദർശന സമയം രണ്ടുതവണ നീട്ടി. പുലർച്ചെ അഞ്ചുമണിക്ക് നട തുറക്കുന്നത് മൂന്നിനും വൈകിട്ട് നാലിന് തുറക്കുന്നത് മൂന്നിനുമാക്കി.
ഒരു ലക്ഷത്തിന് മുകളിൽ തീർഥാടകരാണ് ദിവസവും ശബരിമലയിലെത്തുന്നത്. ദർശനം കിട്ടാൻ പത്ത് മണിക്കൂർ വരെ വരി നിൽക്കേണ്ടി വരുന്നു. പമ്പയിൽനിന്ന് നിയന്ത്രണങ്ങളോടെയാണ് മലകയറ്റുന്നത്. കഴിഞ്ഞ ദിവസം മരക്കൂട്ടത്ത് തിക്കിലും തിരക്കിലുംപെട്ട് തീർഥാടകർക്കും പൊലീസിനും പരിക്കേറ്റു. പുലർച്ചെമുതൽ പെയ്ത മഴയും തീർഥാടകരെ വലച്ചു. തിങ്കളാഴ്ച ഒന്നേകാൽ ലക്ഷംപേർ ഓൺലൈനായി മാത്രം ദർശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്. നേരിട്ടുള്ള ബുക്കിങ്ങ് ഇതിന് പുറമെ. നിലയ്ക്കലെ പാർക്കിങ് പരിധി കഴിഞ്ഞാൽ ട്രാഫിക് കർശനമായി നിയന്ത്രിക്കാനാണ് പൊലീസ് തീരുമാനം.
ഉന്നതതലയോഗം ഇന്ന്
ശബരിമലയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം തിങ്കളാഴ്ച ചേരും. പകൽ 11ന് നിയമസഭാ മന്ദിരത്തിലെ ചേംബറിലാണ് യോഗം. ദർശന സമയമടക്കമുള്ള കാര്യങ്ങളും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.