ലോകകപ്പ് കിരീടത്തിൽ മുത്തമിടാൻ ഖത്തറിലെത്തിയ 32 ടീമുകളിൽ 24 ടീമുകൾ മടങ്ങി. ശേഷിക്കുന്നത് എട്ട് ടീമുകൾ. കപ്പിലേക്കുള്ള പോരാട്ടത്തിന്റെ ചൂട് ഇനി ഉയരും. യൂറോപ്പിൽനിന്ന് നെതർലൻഡ്സ്, ഇംഗ്ലണ്ട്, ഫ്രാൻസ്, ക്രൊയേഷ്യ, പോർച്ചുഗൽ, ലാറ്റിനമേരിക്കയിൽനിന്ന് ബ്രസീൽ, അർജന്റീന, ആഫ്രിക്കൻ പ്രതിനിധികളായി മൊറോക്കോ.
വെള്ളി രാത്രി 8.30ന് ബ്രസീൽ–-ക്രൊയേഷ്യ മത്സരത്തോടെ ക്വാർട്ടർ പോരാട്ടം തുടങ്ങും. രാത്രി 12.30ന് അർജന്റീന നെതർലൻഡ്സിനെ നേരിടും. ശനി രാത്രി 8.30ന് പോർച്ചുഗൽ–-മോറോക്കോ, രാത്രി 12.30ന് ഇംഗ്ലണ്ട്–-ഫ്രാൻസ് മത്സരങ്ങളും നടക്കും.
ബ്രസീൽ
2002നുശേഷം കിരീടം തേടുകയാണ് ബ്രസീൽ. പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയയെ 4–-1ന് തകർത്തു. പരിക്ക് മാറി നെയ്മർ തിരിച്ചെത്തിയതോടെ ടീമിന് കരുത്തായി. വിനീഷ്യസ് ജൂനിയറും റഫീന്യയും റിച്ചാർലിസണും തകർക്കും. കാസെമിറോയുമുണ്ട്. നാല് കളികളിൽനിന്ന് രണ്ട് ഗോൾമാത്രം വഴങ്ങിയ പ്രതിരോധനിരയും കരുത്തുറ്റതാണ്.
ഇതുവരെ
ബ്രസീൽ 2 സെർബിയ 0
ബ്രസീൽ 1 സ്വിറ്റ്സർലൻഡ് 0
ബ്രസീൽ 0 കാമറൂൺ 1
ബ്രസീൽ 4 ദക്ഷിണ കൊറിയ 1 (പ്രീക്വാർട്ടർ)
അടിച്ച ഗോൾ 7, വഴങ്ങിയത് 2
പ്രധാന താരങ്ങൾ
നെയ്മർ, കാസെമിറോ, വിനീഷ്യസ് ജൂനിയർ, റഫീന്യ,
റിച്ചാർലിസൺ
ക്രൊയേഷ്യ
ഗോൾ വഴങ്ങുന്നതിൽ പിശുക്കരാണ് ക്രൊയേഷ്യ. ലോകകപ്പിലെ ഷൂട്ടൗട്ടിൽ ടീമിന്റെ മികച്ച റെക്കോഡ് തുടരുകയാണ്. പ്രീക്വാർട്ടറിൽ ജപ്പാനെതിരെ ഷൂട്ടൗട്ടിൽ 3–-1നായിരുന്നു ജയം. ലൂക്കാ മോഡ്രിച്ച്, ഇവാൻ പെരിസിച്ച് സഖ്യമാണ് കളി മെനയുന്നത്. പ്രതിരോധനിരയിലെ പുത്തൻ താരോദയം യോസ്കോ ഗ്വാർഡിയോളിന്റെ സാന്നിധ്യം കരുത്ത്.
ഇതുവരെ
ക്രൊയേഷ്യ 0 മൊറോക്കോ 0
ക്രൊയേഷ്യ 4 ക്യാനഡ 1
ക്രൊയേഷ്യ 0 ബൽജിയം 0
ക്രൊയേഷ്യ 1 (3) ജപ്പാൻ 1 (1)–- പ്രീക്വാർട്ടർ
അടിച്ച ഗോൾ 5, വഴങ്ങിയത് 2
പ്രധാന താരങ്ങൾ
ലൂക്ക മോഡ്രിച്ച്, ഇവാൻ പെരിസിച്ച്, ആന്ദ്രെ ക്രമറിച്ച്, യോസ്കോ ഗ്വാർഡിയോൾ, ഡൊമിനിക് ലിവാകോവിച്ച്
അർജന്റീന
ലയണൽ മെസിയുടെ മികച്ച ഫോം അനുകൂലഘടകം. എന്നാൽ, ഇടതു വിങ്ങിൽ കളിമെനയുന്ന എയ്ഞ്ചൽ ഡി മരിയ പരിക്കുകാരണം പ്രീക്വാർട്ടറിലിറങ്ങിയില്ല. ക്വാർട്ടറിലുണ്ടാകുമെന്നാണ് പ്രതീക്ഷ. പകരമെത്തിയ പപ്പു ഗോമസിനും പരിക്കേറ്റത് തിരിച്ചടി. റോഡ്രിഗോ ഡി പോൾ, മാർകോസ് അക്യൂന എന്നിവരും ഫോമിൽ.
ഇതുവരെ
അർജന്റീന 1 സൗദി അറേബ്യ 2
അർജന്റീന 2 മെക്സിക്കോ 0
അർജന്റീന 2 പോളണ്ട് 0
അർജന്റീന 2 ഓസ്ട്രേലിയ 1 (പ്രീക്വാർട്ടർ)
അടിച്ച ഗോൾ 7, വഴങ്ങിയത് 3
പ്രധാന താരങ്ങൾ
ലയണൽ മെസി, റോഡ്രിഗോ ഡി പോൾ, എയ്ഞ്ചൽ ഡി മരിയ, അലക്സിസ് മക് അല്ലിസ്റ്റർ.
നെതർലൻഡ്സ്
എതിർ ടീമിനനുസരിച്ച് ടീമിൽ തന്ത്രപരമായ മാറ്റം വരുത്തുന്നു. മൂന്ന് ഗോളുകൾ നേടിയ കോഡി ഗാക്പോയെ മുൻനിർത്തിയുള്ള ശക്തമായ ആക്രമണ നിര. നോക്കൗട്ടിൽ മെംഫിസ് ഡിപെയും ഗോൾ കണ്ടെത്തിയതോടെ ടീമിന്റെ പ്രഹരശേഷി കൂടി. വിർജിൽ വാൻ ഡിക്കിന്റെ നേതൃത്വത്തിലുള്ള പ്രതിരോധവും കരുത്തുറ്റത്.
ഇതുവരെ
നെതർലൻഡ്സ് 2 സെനെഗൽ 0
നെതർലൻഡ്സ് 1 ഇക്വഡോർ 1
നെതർലൻഡ്സ് 2 ഖത്തർ 0
നെതർലൻഡ്സ് 3 യുഎസ്എ 1 (പ്രീക്വാർട്ടർ)
അടിച്ച ഗോൾ 8, വഴങ്ങിയത് 2
പ്രധാന താരങ്ങൾ
കോഡി ഗാക്പോ, മെംഫിസ് ഡിപെ, ഫ്രെങ്കി ഡി യോങ്, വിർജിൽ വാൻ ഡിക്, ഡാലി ബ്ലിൻഡ്
ഇംഗ്ലണ്ട്
1966നുശേഷം കിരീടം കൊതിക്കുന്ന ഇംഗ്ലണ്ട് യുവനിരയുടെ കരുത്തിലാണ് മുന്നേറുന്നത്. ജൂഡ് ബെല്ലിങ്ഹാം, ഫിൽ ഫോദെൻ, ബുകായോ സാക്ക എന്നിവരാണ് ടീമിന്റെ ഹൃദയം. ക്യാപ്റ്റൻ ഹാരി കെയ്നും ഗോൾവഴിയിൽ തിരിച്ചെത്തിയത് ടീമിന്റെ ആത്മവിശ്വാസം കൂട്ടും.
ഇതുവരെ
ഇംഗ്ലണ്ട് 6 ഇറാൻ 2
ഇംഗ്ലണ്ട് 0 അമേരിക്ക 0
ഇംഗ്ലണ്ട് 3 വെയ്ൽസ് 0
ഇംഗ്ലണ്ട് 3 സെനെഗൽ 0 (പ്രീക്വാർട്ടർ)
അടിച്ച ഗോൾ 12, വഴങ്ങിയത് 2
പ്രധാന താരങ്ങൾ
ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം, ഫിൽ ഫോദെൻ, ബുകായോ സാക്ക, ജോർദാൻ ഹെൻഡേഴ്സൺ
ഫ്രാൻസ്
അഞ്ചുഗോളുമായി കിലിയൻ എംബാപ്പെയാണ് ഫ്രാൻസിന്റെ മുന്നേറ്റത്തിന് ചുക്കാൻപിടിക്കുന്നത്. കളംനിറയുന്ന ഒൺടോയ്ൻ ഗ്രീസ്മാൻ ഗോളടിച്ചില്ലെങ്കിലും അവസരങ്ങൾ ഉണ്ടാക്കുന്നു. തിയോ ഹെർണാണ്ടസ്–-അഡ്രിയാൻ റാബിയറ്റ് സഖ്യവും ഗോളവസരമൊരുക്കുന്നു. മൂന്ന് ഗോൾ കണ്ടെത്തിയ ഒളിവർ ജിറൂവും ഫോമിലാണ്.
ഇതുവരെ
ഫ്രാൻസ് 4 ഓസ്ട്രേലിയ 1
ഫ്രാൻസ് 2 ഡെൻമാർക്ക് 1
ഫ്രാൻസ് 0 ടുണീഷ്യ 1
ഫ്രാൻസ് 3 പോളണ്ട് 1 (പ്രീക്വാർട്ടർ)
അടിച്ച ഗോൾ 9, വഴങ്ങിയത് 4
പ്രധാന താരങ്ങൾ
കിലിയൻ എംബാപ്പെ, ഗ്രീസ്മാൻ, ഒളിവർ ജിറൂ, അഡ്രിയാൻ റാബിയറ്റ്, തിയോ ഹെർണാണ്ടസ്
പോർച്ചുഗൽ
ഗൊൺസാലോ റാമോസ് എന്ന പുതുനക്ഷത്രത്തെ മുൻനിർത്തിയാകും പോർച്ചുഗൽ ഇനി മുന്നോട്ടുപോകുക. പ്രീക്വാർട്ടറിൽ ഹാട്രിക് നേടിയ യുവതാരം മികച്ച ഫോമിലാണ്. കളി മെനയുന്ന ബ്രൂണോ ഫെർണാണ്ടസാണ് ടീമിന്റെ നട്ടെല്ല്. ഗോളടിക്കുകയും അടിപ്പിക്കുകയും ചെയ്യുന്ന ഫെർണാണ്ടസ് മികവ് തുടർന്നാൽ ടീമിന് മുന്നേറാം.
ഇതുവരെ
പോർച്ചുഗൽ 3 ഘാന 2
പോർച്ചുഗൽ 2 ഉറുഗ്വേ 0
പോർച്ചുഗൽ 1 ദക്ഷിണ കൊറിയ 2
പോർച്ചുഗൽ 6 സ്വിറ്റ്സർലൻഡ് 1 (പ്രീക്വാർട്ടർ)
അടിച്ച ഗോൾ 12, വഴങ്ങിയത് 5
പ്രധാന താരങ്ങൾ
ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, ഗൊൺസാലോ റാമോസ്, പെപെ.
മൊറോക്കോ
എതിരാളികളെ മികച്ചരീതിയിൽ പ്രതിരോധിച്ച് കിട്ടുന്ന അവസരങ്ങളിൽ എതിർ ഗോൾമുഖം ആക്രമിക്കുന്ന പദ്ധതിയാണ് മൊറോക്കോ വിജയകരമായി നടപ്പാക്കുന്നത്. ഗോൾ കീപ്പർ യാസ്മിനെ ബോണൊയുടെ മികച്ച ഫോമും ടീമിന് മുതൽക്കൂട്ടാണ്. അച്റഫ് ഹക്കീമി, ഹക്കീം സിയെച്ച് എന്നിവരിലാണ് പ്രതീക്ഷ.
ഇതുവരെ
മൊറോക്കോ 0 ക്രൊയേഷ്യ 0
മൊറോക്കോ 2 ബൽജിയം 0
മൊറോക്കോ 2 ക്യാനഡ 1
മൊറോക്കോ 0 (3) സ്പെയ്ൻ 0 (0) പ്രീക്വാർട്ടർ
അടിച്ച ഗോൾ 4, വഴങ്ങിയത് 1
പ്രധാന താരങ്ങൾ
യാസ്മിനെ ബോണോ, അബ്ദെൽ ഹമീദ് സാബിരി, ഹക്കീം സിയെച്ച്, അച്റഫ് ഹക്കീമി