ദോഹ
ഖത്തറിലെ കളത്തിൽ പോർച്ചുഗലിന് പുതിയൊരു കപ്പിത്താൻ അവതരിച്ചു. ഗൊൺസാലോ മാറ്റിയാസ് റാമോസ്. 67–-മിനിറ്റുകൊണ്ട് അയാൾ പറങ്കിപ്പടയുടെ സിംഹാസനത്തിലേക്ക് കുതിച്ചുകയറി. ആ മിന്നലാട്ടത്തിൽ സ്വിറ്റ്സർലൻഡ് ചാരമായി. ഇരുപത്തൊന്നുകാരന്റെ കാലിലേറി പോർച്ചുഗൽ ക്വാർട്ടറിലേക്ക് നങ്കൂരമിട്ടു.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരക്കാരനായാണ് പരിശീലകൻ ഫെർണാണ്ടോ സാന്റോസ് റാമോസിനെ ആദ്യ 11ൽ ഉൾപ്പെടുത്തിയത്. കളിക്കളത്തിൽ റാമോസ് എത്തിയതോടെ ക്യാമറക്കണ്ണുകൾ അയാളിലേക്ക് തിരിഞ്ഞു. കാരണം, റൊണാൾഡോയ്ക്ക് പകരക്കാരൻ എന്നതുതന്നെ.
അതിനുമുമ്പ് പോർച്ചുഗലിനായി ആദ്യ 11ൽ ഈ ബെൻഫിക്ക മുന്നേറ്റക്കാരൻ കളിച്ചിട്ടില്ല. മൂന്നുതവണയും പകരക്കാരനായി. കഴിഞ്ഞമാസം ലോകകപ്പ് സന്നാഹ മത്സരത്തിൽ നൈജീരിയയ്ക്കെതിരെ ആയിരുന്നു അരങ്ങേറ്റം. ആ കളിയിൽ ഒരു ഗോളടിച്ചു. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഘാനയ്ക്കെതിരെയും ഉറുഗ്വേക്കെതിരെയും കളിയുടെ അവസാനം കളത്തിലെത്തി.
പ്രീക്വാർട്ടറിന്റെ 17–-ാംമിനിറ്റിൽ റാമോസ് സ്വിസ് ഗോൾമുഖത്തേക്ക് ആദ്യ വെടിയുണ്ട തൊടുത്തു. തുർന്ന് കോർണർ പതാകയ്ക്കുമുകളിലൂടെ ചാടി തന്റെ വരവ് ഗ്യാലറിയോട് വിളിച്ചുപറഞ്ഞു. ഇടവേളയ്ക്കുശേഷം രണ്ടുതവണകൂടി ലക്ഷ്യംകണ്ട് ലോകകപ്പിലെ ആദ്യമത്സരം അവിസ്മരണീയമാക്കി ഈ ഇരുപത്തൊന്നുകാരൻ.ബെൻഫിക്കയുടെ ഫുട്ബോൾ അക്കാദമിയിലൂടെയാണ് റാമോസ് കളിജീവിതം തുടങ്ങിയത്. 12 വയസ്സിൽ ക്ലബ് അക്കാദമിയിലെത്തി. 2020ൽ ക്ലബ് സീനിയർ ടീമിൽ.
പോർച്ചുഗീസ് ലീഗിൽ ക്ലബ്ബിനായി സീസണിൽ മികച്ച പ്രകടനമാണ് റാമോസ് നടത്തിയത്. 21 മത്സരത്തിൽനിന്ന് 14 ഗോളടിച്ചു. രണ്ട് ഗോളിന് വഴിയൊരുക്കി. ബെൻഫിക്കയ്ക്കായി ആകെ 20 ഗോളടിച്ചിട്ടുണ്ട്. പോർച്ചുഗൽ യൂത്ത് ടീമിനായും കളിച്ചു. 2002ൽ ജർമനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്കുശേഷം അരങ്ങേറ്റ ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യതാരമായി സ്വിറ്റ്സർലൻഡിനെതിരായ പ്രകടനത്തിലൂടെ. ലോകകപ്പ് നോക്കൗട്ടിൽ ഹാട്രിക് നേടുന്ന പ്രായംകുറഞ്ഞ രണ്ടാമത്തെ താരവും. മുന്നിലുള്ളത് സാക്ഷാൽ പെലെ. ലോകകപ്പിൽ റൊണോൾഡോ ആകെ നേടിയത് എട്ട് ഗോൾ. അതും അഞ്ച് ലോകകപ്പിൽനിന്നായി.