ന്യൂഡൽഹി
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ബുധനാഴ്ച തുടക്കമായി. രാജ്യസഭയിൽ പുതിയ അധ്യക്ഷൻ ജഗ്ദീപ് ധൻഖറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കക്ഷിനേതാക്കളും ആശംസ നേർന്നു. സിറ്റിങ് എംപിയായിരുന്ന മുലായംസിങ് യാദവിന്റെ നിര്യാണത്തിൽ അനുശോചിച്ച് ലോക്സഭ ഒരു മണിക്കൂർ പിരിഞ്ഞു.
സമ്മേളനത്തിനുമുമ്പ് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ പ്രതിപക്ഷ പാർടി നേതാക്കൾ യോഗം ചേർന്നു. ആംആദ്മി പാർടി, തൃണമൂൽ കോൺഗ്രസ് പ്രതിനിധികളും യോഗത്തിനെത്തി. സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത് രാജ്യസഭാ നേതാവ് എളമരം കരീം പങ്കെടുത്തു. ജി 20 അധ്യക്ഷപദവി ഇന്ത്യക്ക് ലഭിച്ച സാഹചര്യത്തിൽ സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യസഭാ അധ്യക്ഷനായി ചുമതലയേറ്റ ധൻഖറെ മോദി പ്രശംസിച്ചു. ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച് ഉത്തരവാദിത്വം നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി ധൻഖറിന് ആശംസ നേർന്ന് എളമരം കരീം പറഞ്ഞു. ജനകീയ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കാൻ അവസരമൊരുക്കണം. പ്രധാന ബില്ലുകൾ സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് വിടണം–- എളമരം പറഞ്ഞു.