ന്യൂഡൽഹി
ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളിലേക്ക് മാറിയ ദളിതർക്കും പട്ടികജാതി പദവി നൽകണോയെന്നത് പഠിക്കാൻ കേന്ദ്രസർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന് കാത്തിരിക്കണോയെന്നതിൽ ഉടൻ തീരുമാനമെടുക്കുമെന്ന് സുപ്രീംകോടതി.
കോടതിക്കു മുന്നിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തിൽ നടപടികളുമായി മുന്നോട്ടുപോകണോയെന്ന് പരിശോധിക്കുമെന്ന് ജസ്റ്റിസുമാരായ സഞ്ജയ്കിഷൻ കൗൾ, അഭയ് എസ് ഓഖ എന്നിവരുടെ ബെഞ്ച് പറഞ്ഞു. പട്ടികജാതി പദവി ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. സമിതി റിപ്പോർട്ടിന് രണ്ടുവർഷമെങ്കിലും കാത്തിരിക്കണമെന്ന് അഡ്വ. പ്രശാന്ത്ഭൂഷൺ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
മറ്റ് മതങ്ങളിലേക്ക് മാറിയവർക്ക് പട്ടികജാതി പദവി നൽകാമെന്ന 2007ലെ രംഗനാഥമിശ്ര കമീഷൻ റിപ്പോർട്ട് അംഗീകരിക്കില്ലെന്ന നിലപാട് കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർജനറൽ തുഷാർമെഹ്ത ആവർത്തിച്ചു. റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് കേന്ദ്രസർക്കാർ നേരത്തേ സത്യവാങ്മൂലം നൽകിയിരുന്നു.
വിഷയം പഠിക്കാൻ സുപ്രീംകോടതി മുൻ ചീഫ്ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ അധ്യക്ഷനായ മൂന്നംഗസമിതി കേന്ദ്രം രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ സുപ്രീംകോടതി വിഷയത്തിൽ ഇടപെടാൻ പാടില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു. ജനുവരിയിൽ കേസ് വീണ്ടും പരിഗണിക്കും.