വാഷിങ്ടൺ
ജോർജിയയിൽനിന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി വിജയിച്ചതോടെ യുഎസ് സെനറ്റിൽ ഡെമോക്രാറ്റിക് പാർടി ഭൂരിപക്ഷം ഉറപ്പിച്ചു. ജോർജിയയിൽ നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർടിയുടെ റഫായേൽ വാർനോക് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഹെർഷെൽ വോക്കറെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ നൂറംഗ ഉപരിസഭയിൽ ഡെമോക്രാറ്റുകൾക്ക് 51 സീറ്റായി.
സെനറ്റിൽ 50-–-50 ആയിരുന്നു നിലവിലെ സീറ്റുനില. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ കാസ്റ്റിങ് വോട്ടിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ഉറപ്പിക്കാമെങ്കിലും പലപ്പോഴും ഒത്തുതീർപ്പുകൾക്കു വഴങ്ങേണ്ടിവന്നിരുന്നു. 51 സീറ്റായതോടെ പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റുകൾക്കും നിയമനിർമാണം എളുപ്പമാകും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുസ്ഥാനാർഥികൾക്കും 50 ശതമാനം വോട്ട് ലഭിക്കാതായതോടെയാണ് ജോർജിയയിൽ രണ്ടാംവട്ട തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജോർജിയയിലെ വോട്ടർമാർ ജനാധിപത്യത്തോടൊപ്പം നിലയുറപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് ഡെമോക്രാറ്റ് നേതാവും പ്രസിഡന്റുമായ ജോ ബൈഡൻ പ്രതികരിച്ചു. എന്നാൽ 434 അംഗ യുഎസ് ജനപ്രതിനിധിസഭയിൽ റിപ്പബ്ലിക്കൻ പാർടിക്കാണ് മേൽക്കൈ. റിപ്പബ്ലിക്കൻമാർക്ക് 221 സീറ്റും ഡെമോക്രാറ്റുകൾക്ക് 213 സീറ്റും.