ബ്യൂണസ് ഐറിസ്
അർജന്റീനയുടെ വൈസ് പ്രസിഡന്റും മുൻ പ്രസിഡന്റുമായ ക്രിസ്റ്റീന ഫെർണാണ്ടസ് കിർച്നെർക്ക് ആറ് വർഷം തടവുശിക്ഷ. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർമാണ കരാറിൽ അഴിമതി ആരോപിച്ചുള്ള പരാതിയിലാണ് കോടതി ശിക്ഷ വിധിച്ചത്. വഴിവിട്ട കരാറിലൂടെ പൊതുഖജനാവിന് നഷ്ടം സംഭവിച്ചെന്നാണ് പരാതി.
കോടതി തടവുശിക്ഷ വിധിച്ചെങ്കിലും കേസിൽ അപ്പീൽ സാധ്യതയുള്ളതിനാൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടിവരില്ല. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ‘ജുഡീഷ്യൽ മാഫിയ’യുടെ ഇരയാണ് താനെന്നും കിർച്നെർ പ്രതികരിച്ചു. ഒരു നിഷ്കളങ്കനായ വ്യക്തിയേയാണ് കോടതി ശിക്ഷിച്ചതെന്നും നിയമത്തിലും ജനാധിപത്യവ്യവസ്ഥയിലും വിശ്വസിക്കുന്നവർ വൈസ് പ്രസിഡന്റിന് പിന്തുണ നൽകണമെന്നും പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് പറഞ്ഞു.
ബ്രസീലിൽ നിയുക്ത പ്രസിഡന്റും ഇടതുപക്ഷ വർക്കേഴ്സ് പാർടി നേതാവുമായ ലുല ഡ സിൽവയെ 2017ൽ അഴിമതി കേസിൽ ശിക്ഷിക്കുകയും പീന്നീട് കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ശിക്ഷ വിധിച്ച ന്യായാധിപനെ പിന്നീട് തീവ്രവലതുനേതാവായ ജയിർ ബോൾസനാരോ നിയമമന്ത്രിയാക്കി.