റിയാദ്
ആദ്യ ചൈന-–-അറബ് രാജ്യങ്ങളുടെ ഉച്ചകോടിയിലും ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിലും പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെത്തി. ഉച്ചകോടിയിൽ നിരവധി അറബ് നേതാക്കളും വിദേശമന്ത്രിമാരും പങ്കെടുക്കും.
ഊർജം, സുരക്ഷ, അടിസ്ഥാനസൗകര്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി കരാറുകളും ധാരണപത്രങ്ങളും ചൈനീസ് പ്രതിനിധികൾ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശനിയാഴ്ചവരെ ഷി ജിൻപിങ് സൗദിയിൽ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും. ചൈനയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനായി 2004ൽ ചൈന- അറബ് സ്റ്റേറ്റ്സ് കോ–-ഓപ്പറേഷൻ ഫോറം രൂപീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചൈന–-അറബ് ഉച്ചകോടി. ചൈന-–-അറബ് ബന്ധത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി ഉച്ചകോടി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈനീസ് വിദേശമന്ത്രാലയ വക്താവ് മാവോ നിങ് പ്രതികരിച്ചു.
പെട്രോളിയം ഉൽപ്പാദന തർക്കത്തിൽ സൗദി–-യുഎസ് ബന്ധത്തിൽ ഉലച്ചിൽ തട്ടിയ സമയത്താണ് ചൈനീസ് പ്രസിഡന്റിന്റെ സൗദിസന്ദർശനം. യുഎസ് എതിർപ്പുകൾ അവഗണിച്ച് ഒപെക് പ്ലസ് എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനെടുത്ത തീരുമാനം അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനത്തില്‍ രാഷ്ട്രീയമുണ്ടെന്നും റഷ്യയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് തീരുമാനമെന്നുമുള്ള യുഎസ് ആരോപണം സൗദി അറേബ്യ തള്ളിയിരുന്നു.