ദോഹ
ബ്രസീലിന് ഉത്സവമായിരുന്നു. വിനോദവും ആനന്ദവും നിറച്ച ഉത്സവം. റിച്ചാർലിസണും നെയ്മറും വിനീഷ്യസും റഫീന്യയും കളത്തിൽ നൃത്തം ചെയ്തു. അറുപത്തൊന്നുകാരനായ പരിശീലകൻ ടിറ്റെപോലും ആ താളത്തിന് ചുവടുവച്ചു. കളത്തിൽ ആ രാത്രി മനോഹര ഫുട്ബോളിന്റെ നിമിഷങ്ങളായിരുന്നു. 36 മിനിറ്റിൽ ദഷിണ കൊറിയയുടെ വലയിൽ നാല് ഗോൾ എത്തിച്ച് ബ്രസീൽ താരങ്ങൾ പാടി ‘ഇതാ ഞങ്ങൾ ഇവിടെ, തടയാനാകുമോ നിങ്ങൾക്ക്’. അതൊരു മുന്നറിയിപ്പായി ഖത്തറിൽ മുഴങ്ങി. ജപ്പാനെ കീഴടക്കി ക്വാർട്ടറിൽ കാത്തിരിക്കുന്ന ക്രൊയേഷ്യ അത് കേട്ടുകാണും.
കൊറിയ ദുർബലമായിരുന്നു. ആദ്യ റൗണ്ടിൽ അത്ഭുതങ്ങൾ കാണിച്ച സൺ ഹ്യുങ് മിന്നിനും കൂട്ടർക്കും ബ്രസീലിന്റെ പാരമ്പര്യ കോട്ടയിൽ, അവരുടെ കളിനീക്കങ്ങളിൽ പിടിച്ചുനിൽക്കാനായില്ല. ആദ്യപകുതിക്കുശേഷം ഗോൾ വഴങ്ങാതെ പിടിച്ചുനിന്നതിലും ഒരെണ്ണം തിരിച്ചടിക്കാനായതിലും കൊറിയക്ക് സന്തോഷിക്കാം.
കാമറൂണിനെതിരെ മാറ്റങ്ങൾ വരുത്തിയ ഒരു സംഘത്തെ ഇറക്കി തോൽവി വഴങ്ങിയ ടിറ്റെ കൊറിയയുമായുള്ള കളിയിൽ വൻതാരങ്ങളെ തിരികെ കൊണ്ടുവന്നു. നെയ്മറായിരുന്നു അതിൽ പ്രധാനി. ഇടവേളയ്ക്കുശേഷമുള്ള കളിക്കിടെ ഗോൾ കീപ്പർ അലിസൺ ബെക്കറിനുപകരം വെവർട്ടണെ കളത്തിൽ കൊണ്ടുവന്നു. ഈ ലോകകകപ്പിൽ 26 കളിക്കാരെയും കളത്തിലിറക്കാൻ ടിറ്റെയ്ക്ക് കഴിഞ്ഞു.
അനായാസതയായിരുന്നു കൊറിയക്കെതിരെ ബ്രസീൽ കളിയുടെ മുഖമുദ്ര. വലതുവശത്ത് റഫീന്യ നെയ്ത നീക്കങ്ങൾക്ക് ചന്തമുണ്ടായിരുന്നു. പരിക്കുമാറി കളത്തിലെത്തിയ നെയ്മറും മിന്നി. റിച്ചാർലിസൺ ഈ ലോകകപ്പിൽ ഗോളെണ്ണം മൂന്നാക്കി. കൊറിയക്കെതിരെയും മനോഹര ഫിനിഷിങ് കണ്ടു. തലകൊണ്ട് മൂന്നുതവണ പന്തിൽ ജാലവിദ്യ കാട്ടി. ഒരുതവണ കാലുകൊണ്ട്. പിന്നെ മാർക്വിന്യോസിലേക്ക് പന്തൊഴുക്കി.
മാർക്വിന്യോസ് തിയാഗോ സിൽവയിലേക്ക്. അപ്പോഴേക്കും റിച്ചാർലിസൺ ബോക്സിലേക്ക് ഓടിയെത്തിയിരുന്നു. ആ ഗോളിലുണ്ടായിരുന്നു ബ്രസീലിന്റെ കളിയുടെ എല്ലാ സൗന്ദര്യവും. വിനീഷ്യസിന്റെ ആദ്യ ലോകകപ്പ് ഗോളും നെയ്മറുടെ ഖത്തറിലെ ആദ്യഗോളിനും 974 സ്റ്റേഡിയം സാക്ഷിയായി. ലൂകാസ് പക്വേറ്റയുടെ ഗോളിനുമുണ്ടായിരുന്നു ആനന്ദത്തിന്റെ ചലനങ്ങൾ. ഏതുനിമിഷവും ഗോളടിക്കുമെന്ന പ്രതീതിയുണ്ടാക്കാൻ ബ്രസീലിന് സാധിച്ചു. ഒറ്റ കളിക്കാരനിൽ കേന്ദ്രീകരിച്ചായിരുന്നില്ല കളി. 11 പേരും ടീമായി മുന്നേറി. നെയ്മറും റിച്ചാർലിസണും റഫീന്യയും വിനീഷ്യസും ആസ്വദിച്ച് കളിച്ചു. കൊറിയൻ ഗോൾമുഖത്തേക്ക് പന്തുകൾ വന്നുകൊണ്ടേയിരുന്നു. ബ്രസീൽ അൽപ്പം മടികാണിച്ചില്ലായിരുന്നെങ്കിൽ കൊറിയൻ വല നിറഞ്ഞേനെ.
പ്രീക്വാർട്ടറിൽ ഇറങ്ങുമ്പോൾ രണ്ട് പ്രധാന താരങ്ങളുടെ പരിക്ക് ടിറ്റെയ്ക്ക് ആശങ്കയുണ്ടാക്കി. ഗബ്രിയേൽ ജെസ്യൂസും അലെക്സ് ടെല്ലെസും പരിക്കുകാരണം പുറത്തായതൊന്നും ബ്രസീലിനെ ബാധിച്ചില്ല.