കൊച്ചി
ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ‘ദാനം’ ചെയ്ത തുകയുടെ വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്ന് വിവരാവകാശരേഖ. പണം ആർക്കൊക്കെ എന്തിന് നൽകിയെന്നതിന്റെ വിവരം രാജ്ഭവനിൽ ലഭ്യമല്ല. ഒരു വർഷം നൂറിൽ താഴെ ഫയലുകൾമാത്രം കൈകാര്യം ചെയ്യുന്നതും 165 ജീവനക്കാരുമുള്ള രാജ്ഭവനിലാണ് വിവരങ്ങൾ സൂക്ഷിക്കാത്തത്.
2020–-21 സാമ്പത്തികവർഷം ഗവർണറുടെ ദാനം 2,49,956 രൂപയാണെന്ന് വിവരാവകാശരേഖയിൽ വ്യക്തമാക്കുന്നു. 2021–-22ൽ ഇത് 4,38,788 രൂപയായി വർധിച്ചു. എന്നാൽ 2022 ഏപ്രിൽ ഒന്നുമുതൽ ഒക്ടോബർ 31 വരെ ‘ദാനം’ മൂന്നിരട്ടിയോളം വർധിച്ചു. 12,50,000 രൂപയാണ് ഇക്കാലയളവിൽ ഗവർണർ ദാനമായി ചെലവാക്കിയത്. തുക സ്വീകരിച്ചവരുടെ പേരോ വിലാസമോ മറ്റ് വിവരങ്ങളോ രാജ്ഭവനിൽ സൂക്ഷിച്ചിട്ടില്ലെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശരേഖയിൽ വ്യക്തമാക്കുന്നു.
ഗവർണർ പണം ദാനം ചെയ്യുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ദീർഘകാലം ചികിത്സയിലുള്ളവർക്ക് വൈദ്യസഹായം, പാവപ്പെട്ട കലാകാരന്മാർക്കും എഴുത്തുകാർ, പാവപ്പെട്ടവരും പഠിക്കാൻ മിടുക്കരുമായ വിദ്യാർഥികൾ എന്നിവർക്ക് സാമ്പത്തികസഹായം, ട്രെയിൻ–-ബസ് അപകടങ്ങളിലോ അഗ്നിബാധയിലോ ഗുരുതരമായി പരിക്കേറ്റവർക്കും പ്രകൃതിദുരന്തങ്ങളിലെ ഇരകൾക്കുമുള്ള സഹായം, മറ്റ് സാമ്പത്തികസഹായമൊന്നും ലഭിക്കാത്ത പാവപ്പെട്ട പെൺകുട്ടികൾക്ക് വിവാഹധനസഹായം, വിവാഹം, ഷഷ്ട്യബ്ദപൂർത്തി, ശതാഭിഷേകം, ജന്മദിനം എന്നിവയ്ക്ക് സമ്മാനം നൽകാനുള്ള സഹായം, ഓണം, ദീപാവലി, തൈപൊങ്കൽ എന്നിവയ്ക്ക് ആഘോഷം സംഘടിപ്പിക്കാൻ, മറ്റ് സാമ്പത്തിക സഹായമൊന്നും ലഭിക്കാത്ത പാവപ്പെട്ടവർക്കുള്ള സ്വയംതൊഴിൽ പദ്ധതിക്കുള്ള സഹായം, എല്ലാ പൗരന്മാർക്കും പ്രയോജനം ചെയ്യുന്ന വിദ്യാഭ്യാസ, സാംസ്കാരിക, ജീവകാരുണ്യ സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമുള്ള സഹായം, മോസ്കുകൾ, പള്ളികൾ, അമ്പലങ്ങൾ എന്നിവയുടെ പുനരുദ്ധാരണം, പുനർനിർമാണം എന്നീ ആവശ്യങ്ങൾക്കാണ് ദാനം നൽകാവുന്നത്. എന്നാൽ, വിവരങ്ങൾ സൂക്ഷിക്കാത്തതിനാൽ ആർക്കൊക്കെയാണ് നൽകിയതെന്നറിയില്ല.