തിരുവനന്തപുരം
പഠിപ്പിക്കുന്ന ക്ലാസിൽ വീടില്ലാത്ത ഒരു കുട്ടിപോലുമുണ്ടാകരുതെന്ന മാതൃകാപരമായ ദൗത്യം ഏറ്റെടുത്ത കെഎസ്ടിഎയുടെ സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ടിഎ കുട്ടിക്കൊരു വീട് പദ്ധതിയിൽ പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തികശേഷിയില്ലാത്ത ഭവനരഹിതർക്ക് വീടുവച്ചു നൽകുന്ന സർക്കാർ പദ്ധതിയായ ലൈഫ് മിഷനോടൊപ്പം ചേർന്ന് കെഎസ്ടിഎ വീടില്ലാത്ത കുട്ടികളെ കണ്ടെത്തി വീട് നിർമിച്ചുനൽകുന്നു. ഇതേ നിലപാടിനൊപ്പം ചേർന്ന എൻജിഒ യൂണിയൻ, കെജിഒഎ പോലുള്ള സർവീസ് സംഘടനകളുടെ പ്രവർത്തനങ്ങളെ മറ്റുള്ള സംഘടനകൾക്ക് മാതൃകയാക്കാവുന്നതാണ്. സാധാരണ അധ്യാപകർ തമ്മിൽ കണ്ടാൽ ഡിഎയുടെ കാര്യം സംസാരിച്ചിരുന്നയിടത്തിപ്പോൾ സാമൂഹ്യപ്രതിബദ്ധതയെക്കുറിച്ച് സംസാരിക്കുന്ന തലത്തിലേക്ക് കെഎസ്ടിഎ എത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർക്കല ഉപജില്ലയിലെ പാളയംകുന്ന് ഗവ. എച്ച്എസ്എസ് നാലാം ക്ലാസ് വിദ്യാർഥി സുകന്യയുടെ വീടിന്റെ താക്കോൽ അമ്മൂമ്മ ശാന്ത മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. കെഎസ്ടിഎ നിർമിക്കുന്ന 100 വീടിൽ നിർമാണം പൂർത്തിയായ 67 വീടാണ് ആദ്യഘട്ടത്തിൽ കൈമാറിയത്.
മന്ത്രിമാരായ വി ശിവൻകുട്ടി, എം ബി രാജേഷ്, എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, കെഎസ്ടിഎ ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ, പ്രസിഡന്റ് ഡി സുധീഷ്, ജില്ലാ സെക്രട്ടറി വി അജയകുമാർ എന്നിവർ പങ്കെടുത്തു.