ന്യൂഡൽഹി
ഗുജറാത്തിലെയും ഹിമാചലിലെയും എക്സിറ്റ് പോൾ ഫലങ്ങളുടെ ആഘാതത്തിൽ കോൺഗ്രസ്. ഗുജറാത്തിലെ എക്സിറ്റ് പോൾ ഫലങ്ങൾ ശരിയെങ്കിൽ ഏറെ നിരാശാജനകമാണെന്ന് വക്താവ് അഭിഷേക് മനു സിങ്വി പറഞ്ഞു. ഗുജറാത്തിൽ ബിജെപിയുടെ വർഗീയ ധ്രുവീകരണം ഒരു ഘടകമാണ്. അവർ പണമൊഴുക്കുകയാണ്.
ബിജെപി സൃഷ്ടിച്ചിരിക്കുന്ന ഭയത്തിന്റേതായ ഒരു അന്തരീക്ഷമുണ്ട്. പ്രധാനമന്ത്രിയും മറ്റ് ബിജെപി നേതാക്കളുമെല്ലാം ഇതിൽ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തുന്നത്–- സിങ്വി പറഞ്ഞു. ഹിമാചലിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരുമെന്നുതന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വിശ്വസ്തൻ നാസിർ ഹുസൈൻ പറഞ്ഞു. ഗുജറാത്തിൽ എഎപി ഒരു ഘടകമായിട്ടുണ്ട്. അവർ കോൺഗ്രസ് വോട്ടുകളാണ് പിടിച്ചത്–- ഹുസൈൻ പറഞ്ഞു.
ഗുജറാത്തിലെ എക്സിറ്റ് പോൾ ഫലത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തൃപ്തി പ്രകടമാക്കി. എഎപി ആദ്യമായാണ് മത്സരിക്കുന്നത്. എന്നിട്ടും 15–-20 ശതമാനം വോട്ട് കിട്ടുന്നുണ്ടെങ്കിൽ അത് നേട്ടമാണ്. ബിജെപിയുടെ ശക്തികേന്ദ്രത്തിലാണ് എഎപിയുടെ മുന്നേറ്റം–- കെജ്രിവാൾ പറഞ്ഞു.