ന്യൂഡൽഹി
ഒരാളും ഒഴിഞ്ഞ വയറുമായി ഉറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ കടമയെന്ന് സുപ്രീംകോടതി. അവസാനത്തെ ആൾക്കും ഭക്ഷ്യധാന്യങ്ങൾ എത്തിച്ചെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് എം ആർ ഷാ, ജസ്റ്റിസ് ഹിമാകോഹ്ലി എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
കോവിഡ് അടച്ചുപൂട്ടൽ കാരണം അതിഥിത്തൊഴിലാളികളും മറ്റും നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. ദേശീയ ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ആനുകൂല്യങ്ങൾ ഓരോ പൗരനും ഉറപ്പാക്കണം. ഒഴിഞ്ഞ വയറുമായി ആരെയും കിടക്കാൻ അനുവദിക്കില്ലെന്ന ദൃഢനിശ്ചയം രാജ്യത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു.