ന്യൂഡൽഹി
ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആശിഷ്മിശ്ര ഉൾപ്പെടെ 13 പ്രതികൾക്കെതിരെ വിചാരണ കോടതി കുറ്റം ചുമത്തി. 16ന് വിചാരണ തുടങ്ങും. കൊലപാതകം, കൊലപാതകശ്രമം, കലാപം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകളാണ് ആശിഷ്മിശ്രയ്ക്കെതിരെ അഡീഷണൽ ജില്ലാ ജഡ്ജി സുനിൽകുമാർ യാദവ് ചുമത്തിയത്.
കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്മിശ്രയുടെ മകനാണ് ആശിഷ്മിശ്ര. കുറ്റവിമുക്തനാക്കണമെന്ന ആശിഷിന്റെ അപേക്ഷ കഴിഞ്ഞദിവസം തള്ളിയിരുന്നു. 2021 ഒക്ടോബർ മൂന്നിനാണ് വിവാദ കാർഷികനിയമങ്ങൾക്ക് എതിരെ ലഖിംപുർ ഖേരിയിൽ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് ആശിഷ്മിശ്ര വാഹനം ഇടിച്ചുകയറ്റിയത്. നാലു കർഷകരും ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടു.