ന്യൂഡൽഹി
സംസ്ഥാനങ്ങളിൽ ഗവർണർമാർ നടത്തുന്ന ഇടപെടലുകൾക്കെതിരെ പാർലമെന്റിൽ ഇടതുപക്ഷ പാർടികൾ ശബ്ദമുയർത്തും. ഗവർണർമാരുടെ ഇടപെടലുകൾ പ്രത്യേകമായി ചർച്ച ചെയ്യണമെന്ന് ശീതകാല സമ്മേളനത്തിനു മുന്നോടിയായി സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത് ലോക്സഭാ നേതാവ് പി ആർ നടരാജനും ബികാഷ് രഞ്ജൻ ഭട്ടാചാര്യയും ആവശ്യപ്പെട്ടു.
ഫെഡറൽ തത്വങ്ങളുടെ ലംഘനം, ജുഡീഷ്യറിക്കെതിരായ കടന്നാക്രമണം തുടങ്ങിയ വിഷയങ്ങളിലും സിപിഐ എം ചർച്ച ആവശ്യപ്പെട്ടു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവ പ്രത്യേകമായി ചർച്ച ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചു. ഇന്തോ– -ചൈന അതിർത്തി സംഘർഷം, കശ്മീർ പണ്ഡിറ്റുകൾക്കെതിരായ തീവ്രവാദി ആക്രമണങ്ങൾ എന്നീ വിഷയങ്ങളിൽ കോൺഗ്രസ് ചർച്ച ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം, സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ധനസഹായം നിഷേധിക്കൽ തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കുമെന്ന് പ്രതിപക്ഷ പാർടികൾ അറിയിച്ചു.
മന്ത്രിമാരായ രാജ്നാഥ് സിങ്, പീയുഷ് ഗോയൽ, പ്രഹ്ലാദ് ജോഷി, കോൺഗ്രസ് ലോക്സഭാ നേതാവ് അധിർ രഞ്ജൻ ചൗധുരി, ഡെറിക് ഒബ്രിയൻ (തൃണമൂൽ), ടി ആർ ബാലു (ഡിഎംകെ), ഹർസിമ്രത് കൗർ (അകാലിദൾ) തുടങ്ങിയവർ പങ്കെടുത്തു.
ശീതകാല സമ്മേളനം
ഇന്ന് തുടങ്ങും
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ബുധനാഴ്ച തുടക്കമാകും. 29 വരെയാണ് സമ്മേളനം. വിലക്കയറ്റം, തൊഴിലില്ലായ്മ, ഗവർണർമാരുടെ അമിതാധികാര ഇടപെടലുകൾ, സമ്പദ്വ്യവസ്ഥ അഭിമുഖീകരിക്കുന്ന തിരിച്ചടികൾ തുടങ്ങിയ വിഷയങ്ങളുയർത്തി സർക്കാരിനെ കടന്നാക്രമിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷ പാർടികൾ.
രണ്ടു ധനബില്ലടക്കം 25 ബിൽ പരിഗണിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ജൈവവൈവിധ്യ ഭേദഗതി ബിൽ, വന്യജീവി സംരക്ഷണ ഭേദഗതി ബിൽ, ഊർജ സംരക്ഷണ ഭേദഗതി ബിൽ, ഒന്നിലേറെ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സഹകരണസ്ഥാപനങ്ങളെ നിയന്ത്രിച്ചുള്ള ബിൽ, വനസംരക്ഷണ ഭേദഗതി ബിൽ എന്നിവ ഉൾപ്പെടും. സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയിലുള്ള വൈദ്യുതി ഭേദഗതി ബിൽ പരിഗണിക്കുന്നവയുടെ പട്ടികയിലില്ല. ഹിമാചൽ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഫലവും ആർക്ക് അനുകൂലമെന്നതും പാർലമെന്റ് സമ്മേളനത്തിൽ പ്രതിഫലിക്കും.