ദോഹ
മരണഗ്രൂപ്പിൽ ജർമനിയുടെ അന്ത്യം. ആഞ്ഞടിച്ച ജപ്പാൻ തിരമാലകൾ സ്പെയ്നിനെയും കടപുഴക്കിയപ്പോൾ ഖത്തർ ഞെട്ടി. ആ തിരമാലയിൽ ജർമനിയാണ് ഒലിച്ചുപോയത്.തോറ്റെങ്കിലും സ്പെയ്ൻ പ്രീ ക്വാർട്ടറിലേക്ക് കിതച്ചെത്തി. ആദ്യ കളിയിൽ കോസ്റ്ററിക്കയെ ഏഴ് ഗോൾ വ്യത്യാസത്തിൽ തോൽപ്പിച്ചതിന്റെ മിടുക്കിൽ സ്പെയ്ൻ കടന്നപ്പോൾ കോസ്റ്ററിക്കയെ 4–-2ന് തോൽപ്പിച്ചിട്ടും ജർമനി പുറത്തായി.സ്പെയ്നിനെ 2–-1ന് തീർത്ത ജപ്പാൻ ഗ്രൂപ്പ് ഇ ചാമ്പ്യൻമാരായാണ് മുന്നേറിയത്. ജപ്പാന് 6 പോയിന്റ്. സ്പെയ്നിനും ജർമനിക്കും നാല് വീതം പോയിന്റ്. കോസ്റ്ററിക്കയ്ക്ക് മൂന്നും.
2014 ലോക ചാമ്പ്യൻമാരായ ജർമനി തുടർച്ചയായ രണ്ടാം ലോകകപ്പിലും ആദ്യ റൗണ്ടിൽ മടങ്ങുകയായിരുന്നു. ആദ്യപകുതിയിൽ സ്പെയ്ൻ ജപ്പാനെതിരെ ഒരു ഗോൾ ലീഡ് നേടിയപ്പോൾ ജർമനി കോസ്റ്ററിക്കയ്ക്കെതിരെ 1–-0ന് മുന്നിലെത്തി. കളി തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ജപ്പാനെതിരെ സ്പെയ്ൻ മുന്നിലെത്തി. സെസാർ അസ്പ്ലിക്യുട്ടയുടെ ക്രോസിൽ അൽവാരോ മൊറാട്ട തലവച്ചു. മറുവശത്ത് സെർജി നാബ്രിയുടെ ഗോളിൽ ജർമനി കോസ്റ്ററിക്കയ്ക്കെതിരെയും മുന്നിലെത്തി.
ഇടവേളയ്ക്കുപിരിയുമ്പോൾ ഗ്രൂപ്പ് ഇ പോയിന്റ് പട്ടികയിൽ സ്പെയ്ൻ ഒന്നാമതും ജർമനി രണ്ടാമതും. പ്രീ ക്വാർട്ടർ സ്വപ്നവുമായി ഇടവേള കഴിഞ്ഞെത്തിയ സ്പെയ്നും ജർമനിയും ഒരുപോലെ ഞെട്ടി. ജർമനിക്കെതിരെ ആദ്യ മത്സരത്തിൽ നേടിയ ജയം ഒറ്റ ദിവസത്തെ അത്ഭുതമല്ലെന്ന് ജപ്പാൻ തെളിയിച്ചു. രണ്ട് മിനിറ്റ് 52 സെക്കൻഡിൽ രണ്ട് ഗോൾ. സ്പാനിഷ് ടികി–-ടാകയെ അതിവേഗം കൊണ്ട് ജപ്പാൻ നിലംപരിശാക്കി. മറ്റൊരു പദ്ധതി കാണാതെ സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക്വെ വിളറി. റിറ്റ്സു ദൊയാനും തനാകയുമാണ് ജപ്പാനായി ലക്ഷ്യം കണ്ടത്. തിരിച്ചടിക്കാൻ ആവുംവിധം സ്പെയ്ൻ ശ്രമിച്ചെങ്കിലും ജപ്പാൻ വിട്ടുകൊടുത്തില്ല.
മറുവശത്ത് ജർമനിക്ക് തജേദ, വർഗാസ് എന്നിവരിലൂടെ കോസ്റ്ററിക്ക പ്രഹരമേൽപ്പിച്ചു. ഈ ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ജപ്പാനും കോസ്റ്ററിക്കയുമായിരുന്നു ആദ്യ രണ്ട് സ്ഥാനങ്ങളിൽ. സ്പെയ്നും ജർമനിയും പുറത്താകുന്ന അവസ്ഥ. എന്നാൽ കയ് ഹവേർട്ട്സിലൂടെ ജർമനി ഒപ്പമെത്തിയതോടെ മറുവശത്ത് സ്പെയ്ന് ആശ്വാസമായി. ഹവേർട്ട്സിലൂടെ മുന്നിലെത്തിയ ജർമനി ഫുൾകുർഗിലൂടെ ജയം പൂർത്തിയാക്കി. പക്ഷേ, മുന്നേറാനുള്ള പോയിന്റ് മാത്രം കിട്ടിയില്ല.സ്പെയ്ൻ ജപ്പാനെ സമനിലയിൽ പിടിച്ചിരുന്നെങ്കിൽ ജർമനിക്ക് മുന്നേറാമായിരുന്നു.
ജർമനി–-കോസ്റ്റിക്ക മത്സരം നിയന്ത്രിച്ചത് വനിതകളായിരുന്നു. സ്റ്റെഫാനി ഫ്രാപ്പാർട്ട്, ന്യൂസ ബക്, കറൻ ഡയസ് മെഡിന എന്നിവരായിരുന്നു റഫറിമാർ.