കൊച്ചി
‘‘എന്റെ പിറന്നാൾസമ്മാനമായിരുന്നു ആ സൈക്കിൾ. പതിനഞ്ചാംപിറന്നാളിന് അച്ഛൻ സമ്മാനിച്ചത്. ഒരുപാട് മോഹിച്ച് വാങ്ങിയതാണ്. എടുത്ത ചേട്ടന്മാർ തിരിച്ചുതരണേ’’. പവേൽ സമിത്തിന്റെ വാക്കുകളിൽ ചങ്ക് ചങ്ങാതി സൈക്കിൾ നഷ്ടമായതിന്റെ സങ്കടവും നൊമ്പരവും.
നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനരികിൽ വച്ചിട്ടുപോയ 25,000 രൂപ വിലയുള്ള സൈക്കിളാണ് സ്കൂളിൽ പോയി മടങ്ങിയെത്തിയപ്പോൾ കാണാതായത്. മനസ്സ് നീറി പവേൽ അവിടെ എഴുതിവച്ച കുറിപ്പിലുണ്ട് സൈക്കിളിനോടുള്ള ഇഷ്ടവും നഷ്ടമായതിന്റെ വേദനയും. ‘ഞാൻ പവേൽ സമിത്. തേവര എസ്എച്ച് സ്കൂളിൽ പഠിക്കുന്നു. രാവിലെ ഇവിടെ സൈക്കിൾ വച്ചിട്ടാണ് സ്കൂളിൽ പോകുന്നത്. ഇന്നലെ തിരിച്ചുവന്നപ്പോഴേക്കും സൈക്കിൾ നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ച് വാങ്ങിയതാണ്. എടുത്ത ചേട്ടന്മാർ തിരിച്ചുതരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു’. ഫോൺ: 90370 60798.
കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചെങ്കിലും സൈക്കിൾ ലഭിച്ചെന്ന വിളിമാത്രം എത്തിയില്ലെന്ന് പവേൽ പറയുമ്പോൾ വാക്കുകളിൽ സങ്കടം. ‘‘പതിവുപോലെ രാവിലെ 7.50ന് ഞാൻ സ്റ്റേഡിയം സ്റ്റേഷനിൽ എത്തിയിരുന്നു. ഭദ്രമായി പൂട്ടിവച്ചശേഷമാണ് സ്കൂളിലേക്ക് പോയത്. വൈകിട്ട് 5.30ന് തിരിച്ചെത്തി. ഫ്രീഡം റോഡിലെ ട്യൂഷൻ സെന്ററിൽ പോകാൻ സൈക്കിൾ നോക്കുമ്പോൾ കണ്ടില്ല. ഞെട്ടിപ്പോയി. കുറെ തപ്പി. ഏറെ പ്രിയപ്പെട്ടതായിരുന്നു ആദ്യമായി ലഭിച്ച ആ ഗിയർ സൈക്കിൾ. കൂട്ടുകാർക്കെല്ലാം ഇത്തരം സൈക്കിളുണ്ടായിരുന്നു. അച്ഛനോടും അമ്മയോടും അതുപോലൊരെണ്ണം വേണമെന്ന് പറഞ്ഞു. പിറന്നാൾസമ്മാനമായി അവർ തരികയും ചെയ്തു. 21 ഗിയറുള്ളതാണ്. അയാൾ എന്തിന് സൈക്കിൾ എടുത്തെന്ന് അറിയില്ല. എന്തെങ്കിലും ആവശ്യത്തിനായിരിക്കാം. അതല്ലെങ്കിൽ ജീവിതസാഹചര്യമായിരിക്കും ചെയ്യിച്ചത്. ഒരിക്കലും ഞാനയാളെ കള്ളനെന്ന് വിളിക്കില്ല. എന്റെ സൈക്കിൾ തിരികെ തന്നാൽ മതി’’–-പവേൽ പറഞ്ഞു. പാലാരിവട്ടം സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു.
പവേലിനെപ്പോലെ നിരവധി കുട്ടികൾ സ്റ്റേഷൻ പരിസരത്ത് സൈക്കിൾ വയ്ക്കാറുണ്ടെന്നും ആവശ്യമായ സുരക്ഷ ഒരുക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിരുന്നെങ്കിൽ ഉപകാരമായിരുന്നെന്നും അമ്മ -സിനി പറഞ്ഞു. കെ ആർ സുധീന്ദ്രനാണ് പവേലിന്റെ അച്ഛൻ. റഷ്യൻ നോവലിന്റെ ആരാധകനായ അച്ഛൻ സുധീന്ദ്രൻ, ഇഷ്ടകഥാപാത്രത്തിന്റെ പേരാണ് മകനിട്ടത്. ആസാദ് റോഡിലാണ് താമസം.