കോലഞ്ചേരി
സഭാതര്‍ക്കം ശാശ്വതമായി അവസാനിപ്പിക്കാന്‍ നിയമനിര്‍മാണംവഴി മാത്രമേ സാധിക്കൂവെന്ന് യാക്കോബായ സഭ മെത്രാപോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര് ഗ്രിഗോറിയോസ് മെത്രാപോലീത്ത. ഇക്കാര്യത്തിൽ സര്‍ക്കാര്‍ നടത്തുന്ന സമാധാന ചര്‍ച്ചകളില്‍നിന്ന് ഓര്‍ത്തഡോക്സ് സഭ പിന്മാറിയ നടപടി അപലപനീയമാണ്. ഉത്തരവാദിത്വപ്പെട്ട ഒരു സഭാ വിഭാഗമെന്നനിലയില്‍ തങ്ങളുടെ നടപടികള്‍ അവര്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. ഇതിനകം അഞ്ഞൂറിലധികം കോടതി വിധികളുണ്ടായി. അത്രത്തോളംതന്നെ ചര്‍ച്ചകളും പലതലങ്ങളില്‍ നടന്നുകഴിഞ്ഞു. എന്നിട്ടും പരിഹാരമാകാത്ത ഈ പ്രശ്നത്തിന് നിയമനിര്‍മാണം മാത്രമാണ് പോംവഴി. ഓര്‍ത്തഡോക്സ് സഭയിലെ ബഹുഭൂരിപക്ഷം വിശ്വാസികളും നിയമനിര്‍മാണത്തെ സ്വാഗതം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിയപ്പോള്‍ എട്ടു ശതമാനംപേര്‍ മാത്രമാണ് നിയമനിര്‍മാണത്തെ എതിര്‍ത്തത്. ഇതെല്ലാം നിയമനിര്‍മാണമെന്ന അനിവാര്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അതിനാല്‍, യാഥാര്‍ഥ്യം എല്ലാവരുമുള്ക്കൊണ്ട് നിയമനിര്‍മാണത്തിന് പിന്തുണ നല്‍കണമെന്നും മെത്രാപോലീത്ത അഭ്യര്‍ഥിച്ചു. പ്രശ്നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പൊതുസമൂഹം പിന്തുണ നൽകണമെന്നും മെത്രാപോലീത്ത ആവശ്യപ്പെട്ടു.