തിരുവനന്തപുരം
കേരളത്തിൽ ചട്ടമാകെ ലംഘിച്ചാണ് വിസിമാരുടെ നിയമനമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മുൻകാല പ്രാബല്യത്തോടെ വിസി നിയമനങ്ങളെല്ലാം റദ്ദാക്കിയാൽ രാജ്യത്ത് ചുരുങ്ങിയത് 100 സർവകലാശാലയിലെ എങ്കിലും വിസിമാർക്ക് പുറത്തുപോകേണ്ടിവരും. ഇത് കേരളത്തിന്റെമാത്രം പ്രശ്നമല്ല. ഗുജറാത്തിലെയും രാജസ്ഥാനിലെയുമടക്കം എല്ലാ വിസിമാരും പുറത്താകും. യുജിസി റഗുലേഷൻ പൂർണമായി പിന്തുടർന്നല്ല രാജ്യത്താകെയുള്ള സർവകലാശാലകളിൽ വിസിമാരെ നിയമിച്ചത്.
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഇന്റേണുകളെ നിയമിച്ചത് പിൻവാതിൽ നിയമനമാണെന്ന് ഗവേഷണം ചെയ്ത് കണ്ടുപിടിച്ചവർ എവിടേക്കാണ് നമ്മെ കൊണ്ടുപോകുന്നതെന്ന് ആലോചിക്കണം. ഇന്റേൺഷിപ് കോഴ്സ് കഴിഞ്ഞുള്ള ഒന്നോ രണ്ടോ വർഷത്തെ സംവിധാനമാണ്. ലോകത്തൊരിടത്തും ഇന്റേണുകളെ നിയമിക്കുന്നത് എംപ്ലോയ്മെന്റ് വഴിയോ പിഎസ്സി വഴിയോ ഏതെങ്കിലും റിക്രൂട്ട്മെന്റ് വഴിയോ അല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.