ഖത്തറിൽ ലോകകപ്പിന്റെ ആവേശപ്പന്തുരുളാൻ ഇനി നാല് ദിവസം മാത്രം. 20 വർഷത്തിനുശേഷം ഏഷ്യയിൽ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിന് ഖത്തർ പൂർണമായി ഒരുങ്ങിക്കഴിഞ്ഞു. ലോകതാരങ്ങളുടെ സംഗമകേന്ദ്രമായി ഖത്തർ മാറി. ടീമുകളെല്ലാം അറബ് രാജ്യങ്ങളിൽ അവസാനവട്ട പരിശീലനങ്ങളിൽ. ക്ലബ് ഫുട്ബോൾ കഴിഞ്ഞ് ദിവസങ്ങളുടെ ഇടവേളമാത്രമാണ് കളിക്കാർക്കുള്ളത്. ഈ ലോകകപ്പിന്റെ ആശങ്കയും അതാണ്. എങ്കിലും 20ന് ഖത്തറും ഇക്വഡോറും തമ്മിലുള്ള പോരാട്ടത്തോടെ എല്ലാ ആശങ്കകളും മായുമെന്ന് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നു.
പോരാട്ടങ്ങൾക്കായി 32 ടീമുകളും രംഗത്തുണ്ട്. എല്ലാ ടീമുകളും അവരുടെ കളിക്കാരുടെ പട്ടിക പുറത്തുവിട്ടു. ചില ടീമുകളെയെങ്കിലും പരിക്ക് തുടക്കത്തിലേ വീഴ്ത്തി. അപ്രതീക്ഷിത ഒഴിവാക്കലുകൾ ഇല്ല. ലോകകപ്പിന് മുമ്പുള്ള സന്നാഹ മത്സരങ്ങളാണ് ഇന്നുമുതൽ. ലയണൽ മെസിയുടെ അർജന്റീനയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും യുവനിരയുമായി സ്പെയ്നും നാളെ അവസാനവട്ട ഒരുക്കത്തിനായി കളത്തിലിറങ്ങുന്നു.
മെസി, റൊണാൾഡോ, നെയ്മർ തുടങ്ങിയ സൂപ്പർ താരങ്ങളിലാണ് പ്രതീക്ഷകൾ മുഴുവൻ. മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീന സംഘം അബുദാബിയിലാണ് പരിശീലനം നടത്തുന്നത്. ഇന്ന് യുഎഇയുമായി സന്നാഹമത്സരം. ബ്രസീൽ ഇറ്റലിയിൽ പരിശീലനം നടത്തുന്നു. പോർച്ചുഗൽ താരങ്ങൾ നാട്ടിൽത്തന്നെയാണ് പരിശീലനം. സന്നാഹമത്സരവും ഇവിടെവച്ചുതന്നെ. ഇക്കുറി സാധ്യതയിൽ മുന്നിൽ ബ്രസീലും അർജന്റീനയുമാണ്. സ്പെയ്നും ജർമനിയും ഇംഗ്ലണ്ടും ഫ്രാൻസുമെല്ലാം മുൻനിരയിലുണ്ട്. സന്നാഹമത്സരത്തിൽ ഘാനയെ തകർത്താണ് ബ്രസീൽ ഒരുങ്ങിയത്. നെയ്മറും റിച്ചാർലിസണും ഗബ്രിയേൽ ജെസ്യൂസും റഫീന്യയുമൊക്കെ ഉൾപ്പെട്ട ബ്രസീൽ നിര എതിരാളികൾക്ക് ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്.
അവസാന 35 മത്സരവും തോൽക്കാതെയെത്തുന്ന അർന്റീനയ്ക്ക് മെസിയെന്ന മാന്ത്രികനിലാണ് വിശ്വാസം. മെസിക്കൊപ്പം എയ്ഞ്ചൽ ഡി മരിയ, ലൗതാരോ മാർട്ടിനെസ്, എമിലിയാനോ മാർട്ടിനെസ് തുടങ്ങിയ വമ്പൻ താരങ്ങളുമുണ്ട്. പരിക്ക് കൂടുതൽ ബാധിച്ചത് യൂറോപ്പിനെയാണ്. ലോക ചാമ്പ്യൻമാരായ ഫ്രാൻസിന് അവരുടെ മധ്യനിരയിലെ മികച്ച താരങ്ങളായ പോൾ പോഗ്ബയെയും എൻഗോളോ കാന്റെയെയും നഷ്ടപ്പെട്ടു. കിലിയൻ എംബാപ്പെയുടെ കാലുകളിൽ ഫ്രാൻസ് കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ്. ജർമനിക്കും സ്പെയ്നിനും ഇക്കുറി അത്ഭുതങ്ങൾ കാട്ടാൻ യുവനിരയാണ്. ഹാരി കെയ്ൻ, ജാക് ഗ്രീലിഷ്, ബുകായോ സാക്ക, ഫിൽ ഫോദെൻ എന്നീ ലോകോത്തര കളിക്കാരാണ് ഇംഗ്ലണ്ടിന്റെ ശക്തി.
പോർച്ചുഗലിന് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിനൊപ്പം ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, ജോയോ കാൻസെലൊ തുടങ്ങിയ വമ്പൻമാരുടെ പിന്തുണയുണ്ട്.
ഫെഡെറികോ വാൽവെർദെയും ഡാർവിൻ ന്യൂനസും അണിനിരക്കുന്ന ഉറുഗ്വേയെയും എഴുതിത്തള്ളാനാകില്ല. 2018ലെ അത്ഭുതം ആവർത്തിക്കാൻ ക്രൊയേഷ്യയും കറുത്ത കുതിരകളാകാൻ ഡെൻമാർക്കും രംഗത്തുണ്ട്. ജമാൽ മുസിയാല, ജൂഡ് ബെല്ലിങ്ഹാം, കമവിംഗ തുടങ്ങിയ യുവതാരങ്ങളുടെ വേദികൂടിയാകും ഈ ലോകകപ്പ്. ഈ പട്ടികയിലൊന്നുംപെടാത്ത താരങ്ങളുടെ ഉദയവും ഈ ലോകകപ്പിൽ ഉണ്ടാകാം.