ന്യൂഡൽഹി
കിസാൻ സഭ സമ്മേളനത്തിന്റെ ഭാഗമായി രാജ്യമെമ്പാടും പതിനായിരക്കണക്കിന് ഗ്രാമങ്ങളിൽ ചെങ്കൊടി ഉയർന്നു. ഡിസംബർ 13 മുതൽ 16 വരെ തൃശൂരിലാണ് അഖിലേന്ത്യാ കിസാൻസഭ അഖിലേന്ത്യാ സമ്മേളനം.
ബ്രിട്ടീഷ്കോളനി ഭരണത്തിനെതിരെ ജാർഖണ്ഡ് മേഖലയിൽ ആദിവാസികളുടെയും കർഷകരുടെയും ഐതിഹാസിക പോരാട്ടം നയിച്ച ബിർസ മുണ്ടയുടെ 148–-ാം ജന്മവാർഷികമായ ചൊവ്വാഴ്ചയാണ് പതാക ദിനമായി ആചരിച്ചത്.
ഡൽഹിയിൽ കിസാൻസഭ ആസ്ഥാനത്ത് ജനറൽ സെക്രട്ടറി ഹനൻ മൊള്ള പതാക ഉയർത്തി. ജയ്പുരിൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അമ്രാറാമും ഉത്തർപ്രദേശിലെ ഇട്ടാവയിൽ സംസ്ഥാന സെക്രട്ടറി മുകുത് സിങ്ങും പതാക ഉയർത്തി. കേരളത്തിൽ 30,000 കേന്ദ്രത്തിൽ പതാക ഉയർത്തി. ബംഗാൾ, ഹരിയാന, ത്രിപുര, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡിഷ, ഉത്തരാഖണ്ഡ്, ജമ്മു–-കശ്മീർ, ജാർഖണ്ഡ്, പഞ്ചാബ്, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും പതാകദിനം വിപുലമായി ആചരിച്ചു.