ദുബായ്> അറിവ് തിരിച്ചറിവ് ആവുകയും ആ തിരിച്ചറിവ് മാനവികതയ്ക്ക് വേണ്ടിയുള്ള നിലപാട് ആവുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം അർത്ഥപൂർണ്ണമാകുന്നതെന്ന് കേരള സംഗീത നാടക അക്കാദമി ചെയർമാൻ (ഇൻ ചാർജ്) സേവ്യർ പുൽപ്പാട്ട്. മലയാളം മിഷൻ ദുബായ് ചാപ്റ്റർ സൂര്യകാന്തി പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് കുട്ടികളോടും രക്ഷിതാക്കളോടും അധ്യാപകരോടും സംവദിക്കുകയായിരുന്നു അദ്ദേഹം. ഭാഷാപഠനം സാംസ്ക്കാരിക പഠനമാണെന്നും മാതൃഭാഷാപഠനമെന്നാൽ നമ്മുടെ സ്വന്തം സാംസ്കാരിക വളർച്ചയെക്കുറിച്ചുള്ള തനതായ തിരിച്ചറിയാലാണെന്നും സേവ്യർ പുൽപ്പാട്ട് ചൂണ്ടിക്കാട്ടി.
നവംബർ 12 ശനിയാഴ്ച രാവിലെ കരാമ എസ് എൻ ജി ഹാളിൽ മലയാളം ദുബായ് ചാപ്റ്ററിനു കീഴിൽ കണിക്കൊന്ന പഠനം പൂർത്തിയാക്കി സൂര്യകാന്തി പഠനത്തിലേക്ക് പ്രവേശിക്കുന്ന രണ്ടാമത് ബാച്ചിൽ നിന്നുള്ള കുട്ടികളുടെ പ്രവേശനോൽസവത്തിൽ ചെയർമാൻ ദിലീപ് സി എൻ എൻ അധ്യക്ഷനായി. മലയാളം മിഷൻ അധ്യാപകരുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളെ അംഗീകരിച്ച് രക്ഷിതാക്കൾ നൽകുന്ന പിന്തുണയും പ്രോത്സാഹനവും കൂടുതൽ ഉത്തരവാദിത്തത്തോടെ തുടരേണ്ടത് കുട്ടികളുടെ ഭാഷാവികസന, ഭാഷാ പ്രചാരണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകാൻ അത്യന്താപേക്ഷിതമാണെന്ന് അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് സോണിയ ഷിനോയ്, കൺവീനർ ഫിറോസിയ ദിലിഫ് റഹ്മാൻ, അക്കാദമിക് കോർഡിനേറ്റർ സ്വപ്ന സജി, ബർദുബൈ മേഖല ജോയിന്റ് കോർഡിനേറ്റർ രാജേഷ്, എന്നിവർ സംസാരിച്ചു. അധ്യാപകരായ സുഭാഷ് ദാസ്, സർഗ്ഗ റോയ് എന്നിവർ അവതരണ ക്ലാസ്സിന് നേതൃത്വം നൽകിയപ്പോൾ അധ്യാപകരായ എം. സി ബാബു, നജീബ്, സുനേഷ്, ഷൈന ബാബു, ഗിരിജ, അസ്രീദ്, ദിനേഷ്, ബിജുനാഥ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജോ. സെക്രട്ടറി അംബുജം സതീഷ് സ്വാഗതവും ജോ കൺവീനർ റിംന അമീർ നന്ദിയും അറിയിച്ചു.