തിരുവനന്തപുരം > വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡുകളിൽ വിദഗ്ധ അംഗങ്ങളെ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഓരോ സ്ഥാപനങ്ങളുടേയും പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട വിഷയ വിദഗ്ധരെയാണ് ബോർഡ് അംഗങ്ങളായി ഉൾപ്പെടുത്തിയത്. സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന സമഗ്ര പരിപാടിയുടെ ഭാഗമായാണ് ഇതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
26 പൊതുമേഖലാ സ്ഥാപനങ്ങളിൽ 34 ഡയറക്ടർമാരെ നിയമിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങി. കെഎംഎംഎൽ, കെൽ, ടെൽക്, കെഎസ്ഐ ഇ, കെഎസ്ഡിപി എന്നിവിടങ്ങളിൽ ഒന്നിലധികം വിഷയ വിദഗ്ധരെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തി. ഇൻകം ടാക്സ് വകുപ്പ് മുൻ ഡയറക്ടർ ജനറൽ പി കെ വിജയകുമാർ (കെഎംഎൽഎൽ), മുംബൈ രത്നഗിരി റിഫൈനറി മുൻ ജനറൽ മാനേജർ വി വേണുഗോപാലക്കുറുപ്പ് (കെഎംഎൽഎൽ), ബാംഗ്ളൂർ റിഫൈനറി മുൻ ഡയറക്ടർ എം വിനയകുമാർ (കെഎംഎംഎൽ), നബാർഡ് ഫിൻ സർവ്വീസ് മുൻ എം ഡി ഡോ. ബി എസ് സുരൻ ( കാഷ്യൂ ഡവലപ്പ്മെന്റ് കോർപ്പറേഷൻ), ബിപിസിഎൽ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ പി മുരളീ മാധവൻ (മലബാർ സിമന്റ്സ്), എച്ച്ഒസിഎൽ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ കെ കുഞ്ഞുമോൻ (ടിസിസി), കുസാറ്റ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വകുപ്പ് മുൻ മേധാവി പ്രൊഫ. സി എ ബാബു, ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിപ്സ് കമ്പനി മുൻ ജി എം ഫിലിപ്പ് ജോൺ ( കെൽ ), പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് ജോൺ എബ്രഹാം (ടെൽക് ) ടോക് എച്ച് കോളേജ് സിവിൽ എഞ്ചിനീയറിംഗ് വകുപ്പ് മുൻ മേധാവി പ്രൊഫ. ലതികുമാരി (മലബാർ സിമന്റ്സ് ) തുടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ധരെയാണ് ഭരണ സമിതികളിൽ ഉൾപ്പെടുത്തിയത്.
പൊതു മേഖലാ സ്ഥാപനങ്ങളെ മികവിലേക്ക് നയിക്കുന്നതിനായി മാസ്റ്റർ പ്ളാൻ തയ്യാറാക്കിയതുൾപ്പെടെ വിവിധ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഓരോ സ്ഥാപനങ്ങളിലും പുതിയ ഡയറക്ടർമാരുടെ നിയമനം ഗുണഫലം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.