തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ വിദേശയാത്ര തന്നെ അറിയിച്ചില്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരാതി നൽകിയ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടിക്കും നിയമപരമായ പിന്തുണയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാപരിപാടി ഔദ്യോഗികമായി ഗവർണറെ അറിയിക്കണമെന്ന് വ്യവസ്ഥയില്ല. എന്നിട്ടും, ഒക്ടോബർ മൂന്നിന് കണ്ണൂരിൽവച്ച് മുഖ്യമന്ത്രി നേരിട്ട് ഗവർണറോട് യാത്രാകാര്യങ്ങൾ അറിയിച്ചു. നിയമപരമായി അനുമതി നൽകേണ്ട കേന്ദ്ര വിദേശമന്ത്രാലയത്തിന്റെ ക്ലിയറൻസ് ലഭിച്ചശേഷമാണ് മുഖ്യമന്ത്രി യാത്ര നടത്തിയത്. ഒക്ടോബർ നാലുമുതൽ 15 വരെയായിരുന്നു യാത്ര. മടക്കയാത്രയിൽ യുഎഇയിൽ തങ്ങുന്നതിനുള്ള അനുമതിയും വാങ്ങി. ഒക്ടോബർ 15നാണ് രാജ്ഭവനിൽനിന്ന് രാഷ്ട്രപതിക്ക് പരാതിയയച്ചത്.
സംസ്ഥാന സർക്കാരിന്റെ തലവനെന്ന നിലയിൽ സർക്കാരുമായി പൂർണസഹകരണത്തോടെ പ്രവർത്തിക്കുന്ന വേളയിൽ പുലർത്തിപ്പോരുന്ന ശീലം മാത്രമാണ്, നേരിൽ പോയി ഗവർണറെ യാത്ര അറിയിക്കുക എന്നത്. അത് നിർബന്ധമില്ലാത്ത കാര്യമാണ്. എന്നിട്ടും ബാലിശമായ വാദങ്ങളാണ് ഗവർണറുടെ പരാതിയിലെ ഉള്ളടക്കം. സംസ്ഥാനത്ത് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ താൻ ആരെ ബന്ധപ്പെടുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഏത് അടിയന്തര ഘട്ടത്തിലും മുഖ്യമന്ത്രിയുടെ ഓഫീസുമായാണ് രാജ്ഭവനിൽനിന്ന് ബന്ധപ്പെടാറുള്ളത്.
ലോകത്ത് ആരുമായും ഏത് സമയത്തും ബന്ധപ്പെടാനും സംസാരിക്കാനും തടസ്സമില്ലാത്ത വിനിമയ സൗകര്യമുള്ള കാലത്ത് ഇത്തരം വാദങ്ങൾ ഉയർത്തുന്നത് പരിഹാസ്യമാണ്. ഏത് രാജ്യത്തായാലും ഓഫീസുമായി ഓൺലൈൻവഴി ബന്ധപ്പെടുന്നതിനും ഫയലുകളിൽ വിർച്വലായി ഒപ്പിടുന്നതിനും തടസ്സമില്ല. അടിസ്ഥാനമില്ലാത്ത കാരണങ്ങൾ ഉയർത്തി ഓരോ തർക്കം ഉന്നയിക്കുക മാത്രമാണ് ഗവർണറുടെ ലക്ഷ്യം.
എടുത്ത് ഉപയോഗിച്ച പല ആയുധങ്ങളും തിരിഞ്ഞുകുത്താൻ തുടങ്ങിയതോടെയാണ് നിലതെറ്റിയ അവസ്ഥയിലുള്ള പെരുമാറ്റം.