കൊച്ചി
ബലാത്സംഗക്കേസിൽ ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ ശേഖരിക്കാൻ പ്രതിയുടെ സമ്മതം ആവശ്യമില്ലെന്ന് ഹൈക്കോടതി. സ്വയം തെളിവുനൽകാൻ ശാരീരികമായോ വാക്കാലോ നിർബന്ധിക്കുന്നതിൽനിന്ന് ഭരണഘടന നൽകുന്ന സംരക്ഷണം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കി. 1997ൽ കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാംപ്രതി പത്തനംതിട്ട സ്വദേശി അനുവിന്റെ രക്തസാമ്പിൾ ശേഖരിക്കാമെന്ന പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് തള്ളി.
ബലാത്സംഗം, പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ ശ്രമിക്കൽ തുടങ്ങിയ കേസുകളിൽ ഒന്നാംപ്രതിയാണ് ഹർജിക്കാരൻ. ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് കുഞ്ഞ് പിറന്നിരുന്നു. ഒളിവിൽപ്പോയ പ്രതി കീഴടങ്ങിയതോടെയാണ് വിചാരണ ആരംഭിച്ചത്. തുടരന്വേഷണത്തിനുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ കീഴ്ക്കോടതി അനുവദിച്ചു. പ്രതി വിസമ്മതിച്ചെങ്കിലും ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ ശേഖരിക്കാനും ലൈംഗികശേഷി പരിശോധിക്കാനും അനുമതി നൽകി. ഇരയുടെയും കുഞ്ഞിന്റെയും രക്തം ശേഖരിക്കാൻ അവരും അനുമതി നൽകി. എന്നാൽ, അന്തിമ റിപ്പോർട്ട് നൽകി കുറ്റം ചുമത്തിയശേഷം അന്വേഷണവുമായി ബന്ധപ്പെട്ട് ഉത്തരവിടാൻ കീഴ്ക്കോടതിക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതി ഹൈക്കോടതിയെ സമീപിച്ചു.
വിചാരണയുടെ ഏതുഘട്ടത്തിലും തുടരന്വേഷണമാകാമെന്നും ഡിഎൻഎ പരിശോധന നടത്താൻ ഉത്തരവിടാമെന്നും കോടതി വ്യക്തമാക്കി. സമ്മതമില്ലാതെ ശാരീരികബന്ധത്തിൽ ഏർപ്പെട്ടുവെന്ന് തെളിയിക്കാനുള്ള ബാധ്യത പ്രോസിക്യൂഷനാണ്. എന്നാൽ, ഈ ബന്ധത്തിൽ ജനിച്ച കുഞ്ഞാണോയെന്ന് അറിയാൻ നടത്തുന്ന ഡിഎൻഎ പരിശോധന ബലാത്സംഗക്കേസിൽ പ്രസക്തമല്ലെന്ന് പറയാനാകില്ലെന്ന് കോടതി പറഞ്ഞു. പതിനഞ്ച് വയസ്സുമാത്രമുള്ള പെൺകുട്ടിയുമായി സമ്മതത്തോടെ ശാരീരികബന്ധത്തിൽ ഏർപ്പെട്ടാലും ബലാത്സംഗമാണ്. അതിനാൽ, ഡിഎൻഎ പരിശോധനയ്ക്ക് പ്രാധാന്യമുണ്ടെന്നും കീഴ്ക്കോടതി ഉത്തരവിൽ അപാകതയില്ലെന്നും ഹൈക്കോടതി വിലയിരുത്തി.