ന്യൂഡൽഹി
മൂന്ന് കോർപറേഷനും ലയിച്ചശേഷം നടക്കുന്ന പ്രഥമ ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പ് ഡിസംബർ നാലിന്. ഫലപ്രഖ്യാപനം ഏഴിന്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനാണ് തീയതി പ്രഖ്യാപിച്ചത്. കിഴക്കൻ ഡൽഹി, തെക്കൻ ഡൽഹി, വടക്കൻ ഡൽഹി എന്നിവയാണ് ലയിച്ചത്. നവംബർ 14വരെ പത്രിക സമർപ്പിക്കാം.
ആകെ 250 വാർഡിൽ 50 ശതമാനം സീറ്റും വനിതാ സംവരണമാണ്. മുമ്പുണ്ടായിരുന്ന മൂന്ന് കോർപറേഷൻ 15 വർഷമായി ബിജെപി ഭരണത്തിലായിരുന്നു. 272 വാർഡായിരുന്നു മുമ്പുണ്ടായിരുന്നത്. ആം ആദ്മി പാർടി കോർപറേഷൻ ഭരണം പിടിക്കാനുറച്ച് രംഗത്തിറങ്ങിയതോടെ ബിജെപി പിൻവാതിലിലൂടെ ഭരണം നിലനിർത്താനുള്ള പെടാപ്പാടിലാണ്. ബിജെപിക്ക് മുൻതൂക്കം ലഭിക്കുന്ന തരത്തിൽ വാർഡുകൾ പുനർനിർണയം നടത്തിയെന്ന് ആരോപിച്ചുള്ള കേസ് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.