കുമരകം
കാറ്റിലും മഴയിലും എൻജിൻ കേടായ ഹൗസ്ബോട്ടിലെ യാത്രക്കാർക്ക് രക്ഷകരായി ജലഗതാഗത വകുപ്പ്. വെള്ളി വൈകിട്ട് 4.15ഓടെ പാതിരാമണലിന്റെ പടിഞ്ഞാറ് ഭാഗത്താണ് സംഭവം. ആലപ്പുഴയിൽനിന്ന് ഉല്ലാസയാത്ര തിരിച്ച ബോട്ടിന്റെ എൻജിൻ തകരാറിലാകുകയായിരുന്നു. വടക്കേ ഇന്ത്യയിൽനിന്ന് കുട്ടനാട് കാണാനെത്തിയ കുടുംബമാണ് ഹൗസ്ബോട്ടിൽ ഉണ്ടായിരുന്നത്.
ഹൗസ്ബോട്ട് അപകടാവസ്ഥയിലാണെന്ന് മുഹമ്മ പൊലീസാണ് ജലഗതാഗതവകുപ്പ് ഓഫീസിൽ അറിയിച്ചത്. തുടർന്ന് റെസ്ക്യു ജീവനക്കാർ ഹൗസ്ബോട്ട് ജീവനക്കാരുമായി ഫോണിൽ ബന്ധപ്പെട്ട് അപകടസ്ഥലം മനസ്സിലാക്കി അവിടേക്ക് തിരിച്ചു.
ഗുജറാത്ത് സ്വദേശികളായ ദിഷാങ്, മാൽതി, മേഘ്ന, ദിനേശ്, അഞ്ച് വയസ്സുകാരി ഹിതാൻഷു എന്നിവരാണ് ഹൗസ്ബോട്ടിൽ ഉണ്ടായിരുന്നത്. ശക്തമായ കാറ്റിൽ ഏറെ പണിപ്പെട്ടാണ് ജലഗതാഗത വകുപ്പ് ജീവനക്കാർ സഞ്ചാരികളെ രക്ഷാബോട്ടിൽ കയറ്റിയത്. ഹൗസ്ബോട്ട് പാതിരാമണൽ തീരത്ത് എത്തിച്ച ശേഷം രക്ഷാപ്രവർത്തകർ സഞ്ചാരികളുമായി മുഹമ്മയിലേക്ക് മടങ്ങി. ജീവൻ രക്ഷിച്ച ജീവനക്കാർക്ക് നന്ദി അറിയിച്ച് സഞ്ചാരികൾ ആലപ്പുഴയ്ക്ക് മടങ്ങി.
ജലഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്റെ നിർദേശപ്രകാരം എസ്ഡബ്ല്യുടിഡി ജീവനക്കാരായ ഷൈൻകുമാർ, പ്രേംജിത്ത് ലാൽ, അനസ്, അശോക് കുമാർ, പ്രശാന്ത് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.