കൊച്ചി
ഇലന്തൂർ ആഭിചാരക്കൊല കേസിൽ മൂന്നു പ്രതികളുടെയും കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. റോസിലിയെ കാണാതായ സംഭവത്തിൽ കാലടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാംപ്രതി മുഹമ്മദ് ഷാഫി, രണ്ടും മൂന്നും പ്രതികളായ ഭഗവൽ സിങ്, ലൈല എന്നിവർ ഒമ്പതുദിവസമായി അന്വേഷകസംഘത്തിന്റെ കസ്റ്റഡിയിലായിരുന്നു. വിശദമായ ചോദ്യംചെയ്യലും തെളിവെടുപ്പും നടത്തിയശേഷമാണ് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കുന്നത്. ഒക്ടോബർ 26 മുതൽ ഒമ്പതുദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചത്.
മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ കേന്ദ്രീകരിച്ചായിരുന്നു ചോദ്യംചെയ്യൽ. പത്മയുടെ കേസിൽ കസ്റ്റഡിയിൽ ചോദ്യംചെയ്യുമ്പോഴുണ്ടായ നിസ്സഹകരണം തുടർന്നുവെന്ന് അന്വേഷകസംഘം പറയുന്നു. ഇത് ചൂണ്ടിക്കാട്ടി കസ്റ്റഡി കാലാവധി നീട്ടിവാങ്ങാനും ലക്ഷ്യമിടുന്നുണ്ട്.
ചോദ്യംചെയ്യലിനൊപ്പം ഇലന്തൂരിലും എറണാകുളത്ത് വിവിധയിടങ്ങളിലും തെളിവെടുപ്പ് നടത്തി. മൂന്നു പ്രതികളെയും ഇലന്തൂരിലും രണ്ടാംപ്രതി ഭഗവൽ സിങ്ങിനെ കോലഞ്ചേരി, കാഞ്ഞിരമറ്റം എന്നിവിടങ്ങളിലും എത്തിച്ച് തെളിവെടുത്തു. ഇലന്തൂർ ജങ്ഷനിലെ പണമിടപാട് സ്ഥാപനത്തിൽ ഭഗവൽ സിങ് പണയംവച്ച ഏഴു മില്ലി ഗ്രാം തൂക്കമുള്ള റോസിലിയുടെ മോതിരം അന്വേഷകസംഘം കണ്ടെത്തി.
കൊല്ലപ്പെട്ടവരിൽ ഒരാൾ തമിഴ്നാട്ടുകാരിയായ പത്മയാണെന്ന് മൃതദേഹഭാഗങ്ങളിൽ ഒന്നിന്റെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. പത്മയുടെ മൃതദേഹം വിട്ടുകിട്ടാൻ കുടുംബം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ, മുഴുവൻ ഡിഎൻഎ ഫലവും വരാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകില്ല. ഫലം പുറത്തുവരുന്നതോടെ ഷാഫിയും കൂട്ടാളികളും മറ്റാരെയെങ്കിലും കൊലപ്പെടുത്തിയോ എന്ന ചോദ്യത്തിനും ഉത്തരമാകും.