ന്യൂഡൽഹി
കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹനയങ്ങൾക്കുള്ള തിരിച്ചടിയായാണ് പിഎഫ് കേസിലെ സുപ്രീംകോടതി വിധി. മോദി സർക്കാരിന്റെ ദ്രോഹ നിലപാടാണ് കോടിക്കണക്കിന് തൊഴിലാളികൾക്ക് മെച്ചപ്പെട്ട പെൻഷൻ വൈകിപ്പിച്ചത്. പെൻഷൻ പദ്ധതിക്ക് കേന്ദ്രംകൊണ്ടുവന്ന വിവാദഭേദഗതി 2014 സെപ്തംബർ ഒന്നിനാണ് നിലവിൽ വന്നത്. ഇതോടെ പെൻഷൻ നിശ്ചയിക്കാനുള്ള ശമ്പളത്തിന്റെ പരിധി 15,000 ആക്കി. വിഷയം സൂക്ഷ്മമായി പരിശോധിച്ച കേരള ഹൈക്കോടതി 2018ൽ പെൻഷൻ ഭേദഗതി നിയമവിരുദ്ധമെന്ന് കണ്ടെത്തി റദ്ദാക്കി. ശമ്പളപരിധി ഏർപ്പെടുത്തിയതും പദ്ധതിയിൽ ചേരാൻ കട്ട് ഓഫ് ഡേറ്റ് ഏർപ്പെടുത്തിയതും അസാധുവാക്കി. ഡൽഹി, രാജസ്ഥാൻ, ഹിമാചൽ ഹൈക്കോടതികളും ഇത്തരത്തില്‍ ജീവനക്കാർക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു.
2019ൽ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കേരള ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീൽ തള്ളി. കോടതി ഉത്തരവ് നടപ്പാക്കാതെ കേന്ദ്രം അപ്പീലുമായി വീണ്ടും സുപ്രീംകോടതിയെത്തന്നെ സമീപിച്ചു. ഉയർന്ന പെൻഷൻ നൽകിയാൽ പൊതുഫണ്ട് തകരുമെന്നതുപോലുള്ള ഊതിപ്പെരുപ്പിച്ച കണക്കുകളും അവതരിപ്പിച്ചു. 2021 ആഗസ്തിൽ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് വിഷയം മൂന്നംഗ ബെഞ്ചിനു വിട്ടു. കേസിൽ വാദം നടക്കുന്ന അവസരത്തിലും ഇപിഎഫ്ഒ നാടകീയ നീക്കം നടത്തി. കേസ് പരിഗണിച്ചിരുന്ന ബെഞ്ചിൽ അംഗമായ ജസ്റ്റിസ് എസ് രവീന്ദ്രഭട്ട് പിന്മാറണമെന്ന ആവശ്യം ഉന്നയിച്ചു. ജീവനക്കാർക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ച രാജസ്ഥാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അദ്ദേഹം അംഗമായിരുന്നു. ഭട്ട് പിൻമാറി. അര്‍ഹമായ പെന്ഷന് വര്‍ധന വൈകിപ്പിക്കാന്‍ 18 അടവും പയറ്റിയ സർക്കാരിന് ഉത്തരവ് വലിയക്ഷീണമായി.
തുച്ഛമായ പെൻഷൻ വാങ്ങുന്നവർക്ക് നീതി അകലെ
സർക്കാരിതരമേഖലയിൽ ഉയർന്ന വേതനമുള്ളവർക്ക് ഉയർന്ന പെൻഷൻ ലഭിക്കുന്നതിന് ഇപിഎഫ് കേസിൽ സുപ്രീംകോടതി വിധി വഴിയൊരുക്കുമെങ്കിലും ബഹുഭൂരിപക്ഷം തൊഴിലാളികൾക്ക് ന്യായമായ മിനിമം പെൻഷൻ നിഷേധം തുടരും. എട്ടു വർഷംമുമ്പ് നിശ്ചയിച്ച 1000 രൂപയാണ് ഇപിഎഫ് പദ്ധതിപ്രകാരമുള്ള മിനിമം പെൻഷൻ. ഇത് ഉടനടി 2000 രൂപയെങ്കിലുമായി ഉയർത്തണമെന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തെങ്കിലും ധനമന്ത്രാലയം ശക്തമായി എതിർക്കുന്നു.
ഇപിഎഫ് പെൻഷൻകാരിൽ ഏറിയ പങ്കിനും മിനിമം പെൻഷനായ 1000 രൂപ മാത്രമാണ് ലഭിക്കുന്നത്. പരമ്പരാഗത വ്യവസായമേഖലകളിൽ ജോലിചെയ്തിരുന്നവർക്കാണ് ഈ ദുർഗതി. ഇവർക്ക് ആശ്വാസം നൽകുന്ന പരാമർശമൊന്നും സുപ്രീംകോടതിയിൽനിന്ന് വന്നിട്ടില്ല. അങ്കണവാടി, ആശാ, ഉച്ചഭക്ഷണ പരിപാടി എന്നിവയിൽ ജോലിചെയ്യുന്നവർക്ക് പിഎഫ് പെൻഷൻ അന്യമാണ്. ഗാർഹികത്തൊഴിലാളികൾ അടക്കം അസംഘടിത മേഖലകളിൽ ജോലിചെയ്യുന്നവരെ ഇപിഎഫ് പദ്ധതിയിൽ കൊണ്ടുവരാനുള്ള നീക്കവും എങ്ങുമെത്തിയിട്ടില്ല. കരാർത്തൊഴിലിനെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രനയവും ഇപിഎഫ് സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. കുറഞ്ഞത് 10 വർഷം അക്കൗണ്ടിൽ വിഹിതം അടയ്ക്കുകയും 58 വയസ്സ് തികയുകയും ചെയ്തവർക്കാണ് ഇപിഎഫ് പെൻഷന് അർഹത.
പിഎഫ് പെൻഷൻ : വിധിക്ക് മുമ്പും ശേഷവും
ജീവനക്കാരുടെ അവകാശങ്ങൾ ഹനിക്കുന്ന 2014 പെൻഷൻ ഭേദഗതി തത്വത്തിൽ ശരിവച്ചെങ്കിലും പദ്ധതിയിൽ നിലവിലുള്ള അംഗങ്ങളുടെ താൽപ്പര്യങ്ങൾ സുപ്രീംകോടതി സംരക്ഷിച്ചുവെന്ന് വിലയിരുത്തൽ.
ഭേദഗതിക്ക് മുമ്പ്
പെൻഷൻ നിശ്ചയിക്കാനുള്ള പരമാവധി ശമ്പളപരിധി 6500 രൂപ ആയിരുന്നു. എന്നാൽ, ജീവനക്കാരും തൊഴിലുടമകളും തീരുമാനിച്ചാൽ യഥാർഥ ശമ്പളത്തിന്റെ 8.33 ശതമാനം പെൻഷൻ വിഹിതമായി അടയ്ക്കാമായിരുന്നു. ഇതിലൂടെ, ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷന് അവസരമൊരുങ്ങി.
2014 ഭേദഗതിയുടെ
ദോഷം
പെൻഷൻ നിശ്ചയിക്കാനുള്ള പരമാവധി ശമ്പളപരിധി 15,000 ആക്കി. എത്ര ഉയർന്ന ശമ്പളമാണെങ്കിലും 15,000 രൂപ പരിധി അനുസരിച്ചുള്ള പെൻഷൻ മാത്രമേ ലഭിക്കൂ. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരുടെ ശമ്പളം 15,000ത്തിന് മുകളിലാണെങ്കിൽ ,പെൻഷൻ പദ്ധതിയിൽ ചേരാനാകില്ല.
ഭേദഗതിക്ക് മുമ്പ് ശമ്പളത്തിന് അനുസൃതമായി ഉയർന്ന വിഹിതം അടച്ചിരുന്നവർക്ക് മാത്രമേ തുടർന്നും ശമ്പളത്തിന് ആനുപാതികമായി ഉയർന്ന വിഹിതം അടയ്ക്കാൻ പറ്റുകയുള്ളൂ. ഇവർ ഉയർന്ന പെൻഷൻവിഹിതം അടയ്ക്കാനുള്ള ഓപ്ഷൻ ആറ് മാസത്തിനുള്ളിൽ തെരഞ്ഞെടുക്കണം. 15,000 രൂപ പരിധിക്കു മുകളിൽ വിഹിതം അടയ്ക്കുന്നവർ സർക്കാർ വിഹിതമായ 1.16 ശതമാനം സ്വന്തം ശമ്പളത്തിൽ അധികം അടയ്ക്കണം. 12 മാസത്തെ ശമ്പള ശരാശരിക്ക് പകരം 60 മാസ ശമ്പള ശരാശരിയുടെ അടിസ്ഥാനത്തിൽ പെൻഷൻ നിശ്ചയിക്കണം.
സുപ്രീംകോടതി ഇടപെടല്‍ ഇങ്ങനെ
പെൻഷൻ നിശ്ചയിക്കാനുള്ള ഉയർന്ന ശമ്പളപരിധി 15,000 ആണെന്ന ഭേദഗതിയിലെ വ്യവസ്ഥ നേരിട്ട് റദ്ദാക്കിയില്ല. എന്നാൽ, നിലവിൽ പദ്ധതിയിൽ അംഗങ്ങളായവർക്ക് ഉയർന്ന വിഹിതം അടയ്ക്കാനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാൻ നാലുമാസം സാവകാശം അനുവദിച്ചു. ഉയർന്ന വിഹിതം അടയ്ക്കുമ്പോൾ 1. 16 ശതമാനം സർക്കാർ വിഹിതം ജീവനക്കാർതന്നെ അടയ്ക്കണമെന്ന വ്യവസ്ഥ റദ്ദാക്കി. 2014നു മുമ്പ് ഉയർന്ന വിഹിതം അടയ്ക്കാനുള്ള ഓപ്ഷൻ തെരഞ്ഞെടുത്ത് വിരമിച്ചവർക്ക് ഉയർന്ന പെൻഷൻ ലഭിക്കാനുള്ള സൗകര്യം ഒരുക്കി. 2014നു മുമ്പ് ഓപ്ഷൻ തെരഞ്ഞെടുക്കാതെ വിരമിച്ചവരെമാത്രം ആനുകൂല്യങ്ങളിൽനിന്ന് ഒഴിവാക്കി. ഫലത്തിൽ, 60 മാസത്തെ ശമ്പള ശരാശരിയുടെ അടിസ്ഥാനത്തിൽ പെൻഷൻ നിശ്ചയിക്കാമെന്ന ഭേദഗതിയിലെ വ്യവസ്ഥ മാത്രമാണ് സുപ്രീംകോടതി പൂർണമായും ശരിവച്ചത്.