കൊച്ചി
എണ്ണക്കമ്പനികൾ വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിൽ ഇന്ധനവില കുറയാൻ സാധ്യതയില്ലെന്ന് കേന്ദ്ര പെട്രോളിയംമന്ത്രി ഹർദീപ് സിങ് പുരി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയർന്നപ്പോൾ ഡീസൽ ലിറ്ററിന് നാലു രൂപ എണ്ണക്കമ്പനികൾക്ക് നഷ്ടമുണ്ടായതായി താൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നെന്നും അതുകൊണ്ട് എണ്ണവില ഉടൻ ഉയരുമെന്നും കരുതുന്നില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അർബൻ മൊബിലിറ്റി സമ്മേളനത്തിന്റെ ഭാഗമായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് മാസത്തിനിടെ ക്രൂഡ് വീപ്പയ്ക്ക് 29.18 ഡോളർ (ഏകദേശം 2416 രൂപ) കുറഞ്ഞിട്ടും ഇന്ധനവില കുറച്ചിട്ടില്ല. ക്രൂഡിന് 123.58 ഡോളർ വിലയുള്ളപ്പോൾ ഈടാക്കിയ അതേ വിലയാണ് ഇപ്പോൾ എണ്ണവില 94.80 ഡോളറിലേക്ക് കുറഞ്ഞപ്പോഴും ഈടാക്കുന്നത്. അത് വിമർശനത്തിന് ഇടയാക്കുമ്പോഴാണ് വില കുറയ്ക്കാത്തതിനെ കേന്ദ്രമന്ത്രി ന്യായീകരിക്കുന്നത്.
എച്ച്പിസിഎൽ കമ്പനി രണ്ടാം അർധപാദത്തിൽ വലിയ നഷ്ടത്തിലാണെന്ന കണക്കുകൾ വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൂഡ് വില ഉയർന്നുനിന്നപ്പോൾ എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്തേണ്ടതുണ്ട്. അതിന് സർക്കാർ സഹായംവേണം. വില ഉയർത്തുമെന്ന പ്രചാരണം തെറ്റാണ്. അതേസമയം മറ്റു രാജ്യങ്ങളിലുള്ള വില ഇന്ത്യയിലില്ലെന്ന് കേന്ദ്രമന്ത്രി അവകാശപ്പെട്ടു. അമേരിക്കയിലും ക്യാനഡയിലും 40 ശതമാനത്തിലേറെയാണ് എണ്ണവില വർധിച്ചതെന്നും മന്ത്രി പറഞ്ഞു.
മെട്രോ യാത്രാനിരക്കുകൾ കുറയ്ക്കുമോ എന്ന വാർത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കേന്ദ്രമന്ത്രി പരിഹസിച്ചു. സൗജന്യങ്ങൾ പ്രഖ്യാപിച്ചുള്ള രാഷ്ട്രീയത്തിന് ഒളിമ്പിക് മെഡൽ നേടിയ ആളാണ് കെജ്രിവാൾ. എന്തടിസ്ഥാനത്തിലാണ് അദ്ദേഹം മെട്രോയിൽ സൗജന്യയാത്ര പ്രഖ്യാപിച്ചത്. മെട്രോയുടെ പകുതി നിർമാണച്ചെലവ് മാത്രമാണ് ഡൽഹി വഹിച്ചത്. ജപ്പാനിൽനിന്ന് വായ്പയെടുത്താണ് നിർമിച്ചത്. സൗജന്യം നൽകിയാൽ വായ്പ അടയ്ക്കുന്നത് എങ്ങനെയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.