ലണ്ടൻ
റെഡ്ബുൾ സാൽസ്ബുർഗിനെ നാല് ഗോളിന് കീഴടക്കി എസി മിലാൻ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടറിൽ. എട്ട് വർഷത്തിനിടയിൽ ആദ്യമായാണ് മിലാൻ പ്രീക്വാർട്ടറിലെത്തുന്നത്.
മറ്റ് മത്സരങ്ങളിൽ റയൽ മാഡ്രിഡ് 5–-1ന് സെൽറ്റിക്കിനെ തകർത്തു. പിഎസ്ജി 2–-1ന് യുവന്റസിനെ മറികടന്നു. മാഞ്ചസ്റ്റർ സിറ്റി 3–-1ന് സെവിയ്യയെയും ചെൽസി 2–-1ന് ഡൈനാമോ സാഗ്രെബിനെയും കീഴടക്കി. ഗ്രൂപ്പ് എച്ചിൽ പിഎസ്ജി രണ്ടാംസ്ഥാനക്കാരായി. മക്കാബി ഹയ്ഫയെ 6–-1ന് കീഴടക്കിയ ബെൻഫിക്കയാണ് ഗ്രൂപ്പ് ചാമ്പ്യന്മാർ. ബെൻഫിക്കയ്ക്കും പിഎസ്ജിക്കും 14 പോയിന്റാണ്. പക്ഷേ, ഗോൾ വ്യത്യാസത്തിൽ ബെൻഫിക്ക മുന്നിൽനിന്നു.
രണ്ട് ഗോളടിക്കുകയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്ത ഒളിവർ ജിറൂവാണ് മിലാന് സാൽസ്ബുർഗിനെതിരെ മിന്നുംജയമൊരുക്കിയത്. ഗ്രൂപ്പ് ഇയിൽ രണ്ടാംസ്ഥാനക്കാരായാണ് മുന്നേറ്റം. ചെൽസിയാണ് ഗ്രൂപ്പ് ചാമ്പ്യന്മാർ.
യുവന്റസിനെതിരെ ജയിക്കാനായെങ്കിലും ഗ്രൂപ്പിൽ ഒന്നാംസ്ഥാനം നഷ്ടമായത് പിഎസ്ജിക്ക് തിരിച്ചടിയായി. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക് തുടങ്ങിയ വമ്പന്മാർ അടങ്ങിയ ഗ്രൂപ്പ് ചാമ്പ്യന്മാരിലൊന്നാകും പ്രീക്വാർട്ടറിൽ പിഎസ്ജിക്ക് എതിരാളികളായി കിട്ടുക. ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളും ഇക്കുറി രണ്ടാംസ്ഥാനക്കാരുടെ പട്ടികയിലാണ്.