സിഡ്നി
പ്രതിസന്ധിഘട്ടത്തിൽ ഒരിക്കൽക്കൂടി പാകിസ്ഥാന്റെ മിന്നുംപ്രകടനം. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ പുറത്താകലിന്റെ വക്കിലായിരുന്ന പാകിസ്ഥാൻ ദക്ഷിണാഫ്രിക്കയെ 33 റണ്ണിന് തകർത്ത് സെമി സാധ്യത നിലനിർത്തി. ജയം അനിവാര്യമായ കളിയിൽ മഴനിയമപ്രകാരമാണ് ബാബർ അസമും സംഘവും കടന്നത്. ഇതോടെ ഗ്രൂപ്പ് രണ്ടിലെ അവസാന മത്സരങ്ങൾ നിർണായകമായി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 9–-185 റണ്ണെടുത്തു. മഴ തടസ്സപ്പെടുത്തിയ കളിയിൽ 14 ഓവറിൽ 142 റണ്ണായി ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. എന്നാൽ, 9–-108ൽ എത്താനേ കഴിഞ്ഞുള്ളൂ.
ബാറ്റിലും പന്തിലും ഒരുപോലെ തിളങ്ങിയ പാക് ഓൾ റൗണ്ടർ ഷദാബ് ഖാനാണ് മാൻ ഓഫ് ദി മാച്ച്. ഇന്ത്യയോടും സിംബാബ്വെയോടും തോറ്റ് തകർന്ന പാകിസ്ഥാൻ നെതർലൻഡ്സിനെതിരായ മികച്ച ജയത്തോടെയാണ് പിടിച്ചുനിന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങുമ്പോൾ സമ്മർദത്തിലായിരുന്നു അവർ. കളിയിൽ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ പാക് നിര ഒരുഘട്ടത്തിൽ 4–-43ലേക്ക് തകർന്നു. എന്നാൽ, ഇഫ്തിക്കർ അഹമ്മദും (35 പന്തിൽ 51) ഷദാബും (22 പന്തിൽ 52) ചേർന്ന് പാകിസ്ഥാന് മികച്ച സ്കോറൊരുക്കി. 20 പന്തിലായിരുന്നു ഷദാബിന്റെ അരസെഞ്ചുറി.
മറുപടിക്കെത്തിയ ദക്ഷിണാഫ്രിക്ക തുടക്കത്തിലേ തകർന്നു. ക്വിന്റൺ ഡി കോക്ക് റണ്ണെടുക്കുംമുമ്പ് പുറത്തായി. ക്യാപ്റ്റൻ ടെംബ ബവുമ (19 പന്തിൽ 36) പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ മഴയെത്തി. ആ സമയം പാകിസ്ഥാൻ മഴനിയമപ്രകാരം മുന്നിലായിരുന്നു. മഴമാറി കളി തുടങ്ങിയശേഷവും ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ കാര്യമായ ചെറുത്തുനിൽപ്പ് കാട്ടിയില്ല. ഷഹീൻ അഫ്രീദി മൂന്നും ഷദാബ് ഖാൻ രണ്ടും വിക്കറ്റെടുത്തു.
സെമിയിലേക്ക്
ആരൊക്കെ
പാകിസ്ഥാൻ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചതോടെ ഗ്രൂപ്പ് രണ്ടിൽ നാല് ടീമുകൾക്കും സാധ്യതയായി.നിലവിൽ ആറ് പോയിന്റുമായി ഇന്ത്യയാണ് മുന്നിൽ. അവസാനകളിയിൽ സിംബാബ്വെയെ തോൽപ്പിച്ചാൽ ഇന്ത്യക്ക് കടക്കാം. അഞ്ച് പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാമത്. അവസാനകളിയിൽ നെതർലൻഡ്സാണ് എതിരാളികൾ. ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്കും മുന്നേറാം.
പാകിസ്ഥാന് ബംഗ്ലാദേശുമായാണ് കളി. നാല് പോയിന്റുള്ള പാകിസ്ഥാന് മികച്ച റൺനിരക്കുണ്ട്. പക്ഷേ, ഇന്ത്യയും ദക്ഷിണാഫ്രിക്കയും അവസാനമത്സരങ്ങൾ ജയിച്ചാൽ പാകിസ്ഥാന് മടങ്ങാം. ബംഗ്ലാദേശിനും അതേ സാഹചര്യമാണ്. റൺനിരക്കിൽ പാകിസ്ഥാനെക്കാളും പിന്നിലാണ് ബംഗ്ലാദേശ്.