മനാമ > ഫിഫ ലോകകപ്പ് ടിക്കറ്റ് ഇല്ലാത്തവരെ ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ട ശേഷം ഡിസംബര്‍ രണ്ടു മുതല്‍ ഖത്തറില്‍ പ്രവേശിക്കാന്‍ അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം.
നവംബര്‍ 20 മുതല്‍ ഡിസംബര്‍ 2 വരെയാണ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍. ഇതിനുശേഷം മാച്ച് ടിക്കറ്റില്ലാതെ ആരാധകര്‍ക്ക് ടൂര്‍ണമെന്റ് അന്തരീക്ഷം ആസ്വദിക്കാന്‍ ഖത്തറിലേക്ക് പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെയും ലോകകപ്പ് സുരക്ഷാ സേനയുടെയും ഔദ്യോഗിക വക്താവ് ജബര്‍ ഹമ്മൂദ് ജബര്‍ അല്‍ നുഐമി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഖത്തറില്‍ പ്രവേശിക്കുന്നതിന് ടിക്കറ്റ് ഇല്ലാത്ത ആരാധകര്‍ക്കും ഹയ്യാ കാര്‍ഡ് വേണം. ഹയ്യ കാര്‍ഡുകള്‍ക്കായി ഹയ്യ പ്ലാറ്റ്ഫോം വഴിയോ ഹയ്യ മൊബൈല്‍ ആപ്പ് വഴിയോ അപേക്ഷിക്കാമെന്നും അറിയിച്ചു.
ലോകകപ്പിന് സുരക്ഷാ തയ്യാറെടുപ്പ് പൂര്‍ത്തിയായതായും അറിയിച്ചു. ടൂര്‍ണമെന്റിന് 17 ലക്ഷത്തിലധികം പേര് ഖത്തറില്‍ എത്തുമെന്നാണ് പ്രതീക്ഷ. ലോകകപ്പ് നടക്കുന്ന 21 ദിവസത്തേക്ക് ആരാധകരെ എത്തിക്കാനായി ഓരോ 165 സെക്കന്‍ഡിലും ഒരു മെട്രോ ട്രെയിന്‍ ഓടുമെന്നും ടൂര്‍ണമെന്റില്‍ ദിവസേനയുള്ള ഗതാഗതത്തിനായി 3,600 ബസുകള്‍ പ്രവര്‍ത്തിക്കുമെന്നും ലോകകപ്പ് ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.