ഷൊർണൂർ> ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ടയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങൽ വിദഗ്ധൻ കുഴഞ്ഞുവീണ് മരിച്ചു. നീന്തൽ പരിശീലകൻ കൂടിയായ ഷൊർണൂർ മുതലിയാർ തെരുവ് നമ്പൻ തൊടിയിൽ എസ് രാമകൃഷ്ണൻ (62) ആണ് മരിച്ചത്. ബുധൻ വൈകിട്ട് 4.30ന് കൊച്ചിൻ പാലത്തിനു സമീപമാണ് സംഭവം.
പുഴയിൽ കുളിക്കാൻ ഇറങ്ങിയ ചെറുതുരുത്തി സ്വദേശി ഫൈസൽ ഒഴുക്കിൽപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ നടത്തുന്നതിനിടെ രാമകൃഷ്ണന് ദേഹാസ്വാസ്ഥ്യം നേരിട്ടു. കരകയറിയ രാമകൃഷ്ണനെ അഗ്നിരക്ഷാ സേന സഹായത്തോടെ ചെറുതുരുത്തി സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വ്യാഴാഴ്ച.
സിപിഐ എം ഷൊർണൂർ ടൗൺ ബ്രാഞ്ച് അംഗമായ രാമകൃഷ്ണൻ ഷൊർണൂർ നഗരസഭ മുൻ അംഗവും ജീവകാരുണ്യ പ്രവർത്തകനുമാണ്. ഓട്ടോ ഡ്രൈവറാണ്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സഞ്ജയ്, സനുജ. മരുമക്കൾ: സൂര്യ,രാധാകൃഷ്ണൻ. സഹോദരങ്ങൾ : ലക്ഷ്മണൻ (സിപിഐ എം ഷൊർണൂർ ലോക്കൽ കമ്മിറ്റി അംഗം), ധനഭാഗ്യം, പാർവതി, പരേതയായ ശിവഭാഗ്യം.