കൊച്ചി
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുമ്പോഴും രാജ്യത്ത് അഞ്ച് മാസത്തിലധികമായി ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു.
എണ്ണവില കൂടുമ്പോൾ തുടർച്ചയായി വില വർധിപ്പിച്ച കേന്ദ്രം അഞ്ച് മാസത്തിനിടെ എണ്ണ വീപ്പയ്ക്ക് 29.18 ഡോളർ (ഏകദേശം 2416 രൂപ) കുറഞ്ഞിട്ടും ഇന്ധനവില കുറച്ചിട്ടില്ല. എണ്ണയ്ക്ക് 123.58 ഡോളർ വിലയുള്ളപ്പോൾ ഈടാക്കിയ അതേ വിലയാണ് ഇപ്പോൾ എണ്ണവില 94.80 ഡോളറിലേക്ക് കുറഞ്ഞപ്പോഴും ഈടാക്കുന്നത്.
ഒരു ലിറ്റർ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് അഞ്ചരമാസത്തോളമായി കൊച്ചിയിലെ വില. തിരുവനന്തപുരത്ത് പെട്രോളിന് 107.71 രൂപയും ഡീസലിന് 96.52 രൂപയും കോഴിക്കോട് യഥാക്രമം 105.87, 94.82 രൂപയുമാണ്. 25 ദിവസത്തിനുള്ളിൽമാത്രം 3.12 ഡോളർ (260 രൂപ)യാണ് എണ്ണവിലയിൽ കുറവ് വന്നത്.
കഴിഞ്ഞവർഷം അവസാനം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിർത്തിവച്ച ഇന്ധന വിലകൂട്ടൽ മാർച്ച് 22ന് വീണ്ടും തുടങ്ങി. ഏപ്രിൽ ആറുവരെ 16 ദിവസത്തിനിടെ 14 തവണ പെട്രോളിന് 10.90 രൂപയും ഡീസലിന് 10.54 രൂപയും കൂട്ടി. ഇതിനിടയിൽ എണ്ണയ്ക്ക് 5.25 ഡോളർ (അന്നത്തെ കണക്കിൽ 400 രൂപയോളം) കുറഞ്ഞിരുന്നു.
ഇന്ധന വിലവർധന പുനരാരംഭിച്ചപ്പോൾ ഒരു വീപ്പ എണ്ണയ്ക്ക് 115.48 ഡോളറായിരുന്നു (8800 രൂപയോളം) വില. ഏപ്രിൽ 22ന് വില 8.83 ഡോളർ (ഏകദേശം 675 രൂപ) കുറഞ്ഞ് 106.65 ഡോളറിലെത്തി. ജൂലൈയിൽ 96 ഡോളറിലേക്കും സെപ്തംബറിൽ 84 ഡോളറിലേക്കും താഴ്ന്നിരുന്നു. എന്നിട്ടും കേന്ദ്ര സർക്കാർ വില കുറയ്ക്കാൻ തയ്യാറായിട്ടില്ല.