കോട്ടയം> മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചികിത്സാവശ്യത്തിനായി ഉടനെ ജർമനിയിലേക്ക് തിരിക്കും. തൊണ്ട സംബന്ധമായ അസുഖം ഏറെക്കാലമായി അദ്ദേഹത്തെ അലട്ടുന്നുണ്ട്. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉമ്മൻ ചാണ്ടിയെ കഴിഞ്ഞദിവസം ഡിസ്ചാർജ് ചെയ്തു. നിലവിൽ ആലുവ ഗസ്റ്റ് ഹൗസിലാണ്.
തിങ്കൾ പുതുപ്പള്ളിയിലെ വീട്ടിലേക്ക് വരാൻ തീരുമാനിച്ചിരുന്നെങ്കിലും ഇത് മാറ്റിവെച്ചതായി അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ അറിയിച്ചു. രോഗാരംഭത്തിൽ ജർമനിയിൽ ചികിത്സ നടത്തിയിരുന്നു. ഇപ്പോൾ രോഗം വഷളായ സാഹചര്യത്തിലാണ് വീണ്ടും ജർമനിയിലേക്ക് പോകുന്നത്. മകൻ ചാണ്ടി ഉമ്മനും കൂടെയുണ്ടാകും.