തിരുവനന്തപുരം> ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്കും അവർ തെരഞ്ഞെടുത്ത ഭരണകൂടത്തിനും അപ്പുറത്ത് ഗവർണറുടെ വ്യക്തിപരമായ പ്രീതി പ്രസക്തമല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഭരണഘടനയെ പോലും വില വെക്കാതെ ചിത്തഭ്രമം ബാധിച്ച പോലെയാണ് ഗവർണർ ഇടപെടുന്നത്.
ആർഎസ്എസിന് വേണ്ടി വിഡ്ഢിവേഷം കെട്ടി പാദസേവ തുടരുകയാണ് ഗവർണർ. ജനാധിപത്യ സംവിധാനത്തിൽ ജനപ്രതിനിധികളെ അകത്താക്കാനും പുറത്താക്കാനുമുള്ള അവകാശം ജനങ്ങൾക്കാണ്. ഇവിടെ രാജഭരണമോ ദിവാൻ മോഡൽ ഭരണമോ സ്ഥാപിക്കാൻ പുറപ്പെട്ടാൽ സർ സി പിയുടെ അനുഭവം ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാകും. സംഘപരിവാറിന് മുന്നിൽ കീഴടങ്ങുന്ന കോൺഗ്രസിന് ഇതൊന്നും ഇവിടെ ഒരു വിഷയമായി തോന്നുന്നില്ല എന്നത് വി ഡി സതീശന്റെയും കെ സുധാകരന്റെയും വാക്കുകളിൽ ആവർത്തിച്ചു തെളിയുന്നുണ്ട്. കാവിവൽകരണം ചെറുക്കുമെന്നും ഭരണഘടനയെ സംരക്ഷിക്കുമെന്നും ആർഎസ്എസിന് മുന്നിൽ കേരളം കീഴടങ്ങില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.