തിരുവനന്തപുരം> ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമ വിരുദ്ധമായി നടത്തി വരുന്ന നടപടികൾ ഗവർണർ പദവിയുടെ അന്തസ് തകർത്തിരിക്കുകയാണെന്നും ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ. ഭരണഘടനയിൽ ഗവർണറുടെ റോൾ മന്ത്രി സഭയുടെ ഉപദേശ നിർദേശങ്ങൾ പ്രകാരം തീരുമാനമെടുക്കലാണ്. സർക്കാർ രൂപീകരണം അടക്കം തീരുമാനിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ്. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. മന്ത്രിമാരുടെ തുടർച്ചയും അപ്രകാരമാണ്. അല്ലാതെ ഗവർണറുടെ വ്യക്തിപരമായ പ്രീതിയിലോ അപ്രീതിയിലോ അല്ല. ഇതെല്ലാം വ്യക്തമായി നിർവ്വചിക്കപ്പെട്ട നിരവധി വിധികൾ പരമോന്നത കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
നിയമവാഴ്ചയോ, ഭരണഘടനാ വ്യവസ്ഥയോ തനിക്ക് ബാധകമല്ലെന്ന രീതിയിൽ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ജൽപ്പനങ്ങൾ ഗവർണർ എന്ന ഭരണഘടനാ സ്ഥാനത്തിനോ, പദവിക്കോ നിരക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കലല്ല, ക്രിയാത്മകമായി സഹായിക്കലാണ് ഗവർണറിൽ അർപ്പിതമായ ചുമതല. ദൗർഭാഗ്യവശാൽ കേരളാ രാജ്ഭവൻ നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ പ്രഭവ കേന്ദ്രമായി മാറിയിരിക്കുന്ന ദുരവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്.
നിയമ വാഴ്ചയുടെ തകർച്ചക്ക് ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുന്ന ആരിഫ് മുഹമ്മദ് ഖാന് തൽസ്ഥാനം തുടരുന്നതിനുള്ള ധാർമ്മികവും നിയമപരവുമായ യോഗ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യം അത്യന്തം ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജനാധിപത്യ വ്യവസ്ഥിതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഉള്ള അധികാരങ്ങളെ കവർന്നെടുക്കാൻ പുറമെ നിന്ന് അവരോധിക്കപ്പെടുന്ന ഗവർണർക്ക് നിയമപരമായി അവകാശമില്ല. വഹിക്കുന്ന പദവിയുടെ നിയമപരമായ അധികാരങ്ങളെയോ അതിന്റ പരിമിതികളെയോ പറ്റി കേവല ഗ്രാഹ്യമില്ലാത്ത കേരളാ ഗവർണർ സ്ഥാനത്ത് നിന്ന് പുറത്താക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്യണമെന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുന്നെന്ന് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ സി പി പ്രമോദ് പ്രസ്താനയിൽ ആവശ്യപ്പെട്ടു.