തിരുവനന്തപുരം> ജനഹിതത്തിന് മുകളിൽ ഒരു ഗവർണറും ദിവാനാകാൻ ശ്രമിക്കേണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ ആവശ്യപ്പെട്ട ഗവർണർക്ക് മാനസിക സ്ഥിരത നഷ്ടപ്പെട്ടെങ്കിൽ അതിന് ആവശ്യമായ ചികിത്സകൾ നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ആർഷോ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഗവർണറെ ഈ കോമാളി വേഷം കെട്ടിച്ചു നടക്കിരുത്തിയവർ അദ്ദേഹത്തെ തിരുത്താൻ തയ്യാറായില്ലെങ്കിൽ രാഷ്ട്രീയ കേരളം അതിനുള്ള ചികിത്സ നൽകുക തന്നെ ചെയ്യുമെന്നും ആർഷോ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ ഗവർണർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഗവർണർക്ക് മാനസിക സ്ഥിരത നഷ്ടപ്പെട്ടെങ്കിൽ അതിന് ആവശ്യമായ ചികിത്സകൾ നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഇദ്ദേഹത്തെ ഈ കോമാളി വേഷം കെട്ടിച്ചു നടക്കിരുത്തിയവർ അദ്ദേഹത്തെ തിരുത്താൻ തയ്യാറായില്ലെങ്കിൽ രാഷ്ട്രീയ കേരളം അതിനുള്ള ചികിത്സ നൽകുക തന്നെ ചെയ്യും.
ഇവിടെ രാജ ഭരണമോ, ദിവാൻ ഭരണമോ അല്ല. ജനായത്ത സംവിധാനത്തിന് കീഴെ ജന പ്രതിനിധികളെ തെരഞ്ഞെടുക്കാനും തങ്ങളെ ആരു ഭരിക്കണമെന്ന് തീരുമാനിക്കുവാനുമുള്ള അധികാരം പൂർണ്ണമായും ജനങ്ങൾക്കാണ്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് ഈ സംസ്ഥാനം ഭരിക്കുന്നത്. ആ സർക്കാരിൽ ആരെ മന്ത്രിയാക്കണം എന്നുള്ള തീരുമാനം അതേ ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയിലും പാർടിയിലും നിക്ഷിപ്തമാണ്. ആ ജനഹിതത്തിന് മുകളിൽ ഒരു ഗവർണറും ദിവാനാകാൻ ശ്രമിക്കേണ്ട. അങ്ങനെ ശ്രമിച്ച സർ. സിപിയുടെ അനുഭവം മാത്രം ഓർത്താൽ മതി എന്നാണ് വിനീതമായ മറുപടി.
തുടരെ തുടരെ ഗവർണർ ആവർത്തിച്ചു കൊണ്ടിരിക്കുന്ന വെളിവില്ലായ്മ വീണ്ടും തുടരുകയാണെങ്കിൽ പ്രതിഷേധത്തിലൊതുങ്ങാതെ ജന വിരുദ്ധനായ ഈ ഗവർണർ കേരളത്തിൽ സ്വച്ചന്തമായി വിഹാരിക്കണോ എന്ന് രാഷ്ട്രീയ ബോധമുള്ള കേരളത്തിലെ വിദ്യാർത്ഥി – യുവജന പ്രവർത്തകർ തീരുമാനിക്കും.ഭരണ ഘടനാ വിരുദ്ധമായ ഇത്തരം ഏകാധിപത്യത്തിന് കുട പിടിക്കുന്ന കോൺഗ്രസ് ബിജെപി ബി ടീം വിട്ട് എ ടീം തന്നെയായി മാറി കൊണ്ടിരിക്കുകയാണ്. ഗവർണറുടെ കാവി അജണ്ടകൾ അനുവദിച്ചു കൊടുക്കാൻ ഉദ്ദേശമില്ല. ഭരണ ഘടന സംരക്ഷിക്കും, കാവി അജണ്ടകൾ ചെറുക്കും