തിരുവനന്തപുരം> ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർക്ക് അധികാരമുണ്ടെങ്കിൽ മന്ത്രി ബാലഗോപാലിന് പുറത്താക്കട്ടെ, അന്നേരം നോക്കാമെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ അധികാരങ്ങളെ കുറിച്ച് ഗവർണർക്ക് ധാരണയില്ല. ഗവർണർക്ക് ഒരു മന്ത്രിയെ നിയമിക്കാനോ പിരിച്ചുവിടാനോ അധികാരമില്ല. സഭയുടെ നേതാവ് എന്ന നിലയിൽ മുഖ്യമന്ത്രിയാണ് ആരാണ് മന്ത്രിയതായിരിക്കണം എന്ന് ഗവർണറോട് ശുപാർശ ചെയ്യേണ്ടത്. ഗവർണർ ജനാധിപത്യത്തെയല്ല ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുകയാണ്.
മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ‘കത്തയയ്ക്കാനുള്ള പോസ്റ്റ് ഓഫീസ് ഉള്ളപ്പോ ആർക്കും കത്തയയ്ക്കാമല്ലോ’ എന്നായിരുന്നു പരിഹാസം. ഇത്തരം നീക്കങ്ങളൊന്നും വല്യ പ്രശ്നവും പ്രതിസന്ധിയുമായി കാണുന്നില്ലെന്നും ഞങ്ങളെ സംബന്ധിച്ച് ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. വിസി മാരുടെ കാര്യത്തിൽ രാജിവെക്കാൻ ഗവർണർ ഒരു സമയം നിശ്ചയിച്ചു. മാധ്യമങ്ങളിൽ വലിയ വാർത്തയായി. പക്ഷേ ആരെങ്കിലും രാജിവെച്ചോ. എന്തെങ്കിലും സംഭവിച്ചോ. ഒരു പക്ഷിപോലും പറന്നില്ല, ചിലച്ചില്ല. കോടതി പറഞ്ഞതും ഗവർണ്ണർ അങ്ങനെ പറഞ്ഞത് തെറ്റാണ് എന്നാണ്.
നിയമപ്രകാരമേ ആരെയും മാറ്റാൻ കഴിയൂ. നിയമപ്രകാരം മാറ്റണമെങ്കിൽ യൂണിവേഴ്സിറ്റി നിയമങ്ങളിൽ പറയുന്ന കാര്യങ്ങൾ അനുസരിച്ചേ ചെയ്യാനാകൂ. അതെന്താണെന്ന് വായിച്ച് നോക്കിയാൽ മനസ്സിലാകും. പ്രതിപക്ഷം ഭിന്നതയിലാണ്. അവരുടെ താത്പര്യങ്ങൾ വ്യത്യസ്തമായത് കൊണ്ടാണ് ഇത്തരമൊരു ഭിന്നതയുണ്ടായതെന്നും കാനം പറഞ്ഞു.