ന്യൂഡൽഹി
അക്രമകാരികളായ തെരുവുനായകളെ കൊല്ലാൻ അടിയന്തരമായി അനുമതി നൽകാൻ ആകില്ലെന്ന് സുപ്രീംകോടതി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഏഴു വർഷത്തെ തെരുവുനായ ആക്രമണങ്ങളുടെ കണക്ക് സമർപ്പിക്കാനും ഇത് തടയാനെന്തുചെയ്യാനാകുമെന്ന് ശുപാർശ ചെയ്യാനും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവർ അംഗങ്ങളായ ബെഞ്ച് മൃഗക്ഷേമബോർഡിനോട് നിര്‍ദേശിച്ചു. കേരളത്തിലെ ചില തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഹർജിയിലാണ് നടപടി.
ഹൈക്കോടതികൾക്ക് തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ വിലക്കില്ല. വ്യക്തിഗത കേസുകൾ ഹൈക്കോടതികളില്‍ ഉന്നയിക്കാം. സുപ്രീംകോടതിയുടെ 2015 നവംബറിലെ ഉത്തരവ് ഈ വിഷയത്തിലുള്ള ഹർജികൾ കേൾക്കാൻ ഹൈക്കോടതികൾക്ക് തടസ്സമാകുന്നെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് വിശദീകരണം. തെരുവുനായ നിയന്ത്രണത്തില്‍ കേന്ദ്ര, സംസ്ഥാന നിയമങ്ങളിലെ വൈരുധ്യങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ 2023 ഫെബ്രുവരിയിൽ വിശദമായ വാദം കേൾക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
തെരുവുനായകളെ വന്ധ്യംകരിക്കാൻ കുടുംബശ്രീ യൂണിറ്റുകൾക്ക് വിലക്കേർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ സി കെ ശശി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പ്രത്യേകം അപേക്ഷ സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
തെരുവുനായ വിഷയത്തില്‍ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി റിപ്പോർട്ടിനോട് വിയോജിക്കുന്നവർക്ക് സത്യവാങ്മൂലം സമർപ്പിക്കാം. കേരളത്തിൽ തെരുവുനായ ആക്രമണം പരിഭ്രമിപ്പിക്കുന്ന രീതിയിൽ ഉയർന്നതായാണ് റിപ്പോർട്ടിലെ നിഗമനമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
അതേസമയം, വ്യക്തിഗത കേസുകൾ ഹൈക്കോടതികൾക്ക് പരിഗണിക്കാമെന്ന സുപ്രീംകോടതിയുടെ വിശദീകരണം ആശ്വാസ്യകരമാണെന്ന് നിയമവൃത്തങ്ങൾ പ്രതികരിച്ചു. ഇത്തരം കേസുകളിൽ സുപ്രീംകോടതിയുടെ മുൻഉത്തരവുകളും കീഴ്വഴക്കങ്ങളും കണക്കിലെടുത്ത് ഹൈക്കോടതികൾക്ക് ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കാമെന്നാണ് സുപ്രീംകോടതിയുടെ വിശദീകരണം.