ന്യൂഡൽഹി
കനറ ബാങ്ക് 11 വർഷത്തിൽ കിട്ടാക്കടം ഇനത്തിൽ 1.29 ലക്ഷം കോടി രൂപയുടെ വൻകിട വായ്പകൾ എഴുതിത്തള്ളി. 100 കോടിയോ അതിൽ കൂടുതലോ തുക വായ്പയായി എടുത്ത് കിട്ടാക്കടമായി മാറിയവയാണ് എഴുതിത്തള്ളിയത്. പുണെയിലെ വിവരാവകാശ പ്രവർത്തകൻ വിവേക് വേലങ്കാറിന് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ ഇക്കാര്യം വെളിപ്പെടുത്തിയെങ്കിലും വൻകിട കുടിശ്ശികക്കാരുടെ പേരുവിവരം പരസ്യപ്പെടുത്താൻ ബാങ്ക് തയ്യാറായില്ല.
മോദിസർക്കാർ വന്നശേഷം എഴുതിത്തള്ളുന്ന വായ്പാ തുക പെരുകി. 2012–-13ൽ 397.36 കോടി രൂപയാണ് എഴുതിത്തള്ളിയത്. 2014–-15ൽ ഇത് 1748.28 കോടി രൂപയായി. 2019–-20ൽ 23051.76 കോടി രൂപയായി പെരുകി. സിൻഡിക്കറ്റ് ബാങ്ക് കനറ ബാങ്കിൽ ലയിച്ചശേഷം 2020––21ൽ 31417.59 കോടി രൂപയും 2021–-22ൽ 32244.13 കോടി രൂപയും എഴുതിത്തള്ളി. രണ്ട് വർഷം മുമ്പ് വിവേക് വേലങ്കാർ കിട്ടാക്കടം വിഷയത്തിൽ ചോദ്യം നൽകിയെങ്കിലും വിവരങ്ങൾ പങ്കിടാൻ ബാങ്ക് വിസമ്മതിച്ചു. പകരം ബാങ്കിന്റെ വാർഷികറിപ്പോർട്ടുകൾ പരിശോധിക്കാനാണ് ആവശ്യപ്പെട്ടത്.