പാരീസ്
വേതനം വർധിപ്പിക്കാൻ സർക്കാർ തയ്യാറാകുംവരെ പണിമുടക്ക് തുടരാൻ തീരുമാനിച്ച് ഫ്രാൻസിലെ എണ്ണമേഖലാ തൊഴിലാളികൾ. സമരത്തെ ബലപ്രയോഗത്തിലൂടെ നേരിടുമെന്നും പണിമുടക്കുന്നവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ നിയമം പ്രയോഗിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചതോടെയാണ് തൊഴിലാളികള്‍ നിലപാട് കടുപ്പിച്ചത്.
കടുത്ത വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിലാണ് പത്തുശതമാനം വേതന വർധന ആവശ്യപ്പെട്ട് മൂന്നാഴ്ചയായി ഇടതു സംഘടനകളുടെ നേതൃത്വത്തിൽ സമരം നടത്തുന്നത്. വിലക്കയറ്റം നേരിടാൻ ഏഴു ശതമാനവും എണ്ണക്കമ്പനികൾ സമാഹരിക്കുന്ന ഭീമൻ സമ്പത്തിന്റെ വിഹിതമായി മൂന്നു ശതമാനവും വേതനവർധനയാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
സമരം ആഴ്ചകൾ പിന്നിട്ടതോടെ രാജ്യത്തെ ഏഴ് എണ്ണസംസ്കരണശാലയിൽ ആറും അടച്ചു. എണ്ണദൗർലഭ്യം രൂക്ഷമായി. ഇന്ധനത്തിനായി പമ്പുകൾക്കുമുന്നിൽ ആഴ്ചകളായി വാഹനങ്ങളുടെ നീണ്ട വരികൾ ദൃശ്യമാകുന്നു. മൂന്നിലൊന്ന് പമ്പിലും ഇന്ധനം തീരാറായെന്നാണ് റിപ്പോർട്ട്. നോർമാൻഡി സംസ്കരണശാലയിലെ ഉപകരണങ്ങളടക്കം പിടിച്ചെടുക്കുമെന്നും ടാങ്കറുകളിൽ ഇന്ധനം നിറയ്ക്കാൻ അനുവദിച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കുമെന്നും സർക്കാർ ഭീഷണി മുഴക്കിയിരിക്കുകയാണ്. എന്നാൽ, സർക്കാർ ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഇറക്കിയാൽ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് യൂണിയനുകൾ വ്യക്തമാക്കിയിട്ടുണ്ട്.
എണ്ണക്കമ്പനികൾ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. സർക്കാരും തൊഴിലാളി സംഘടനകളും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ച പരാജയപ്പെട്ടു.